Fincat

ബിന്ദുവിന് ജീവിക്കാൻ കരുത്ത് നൽകി സ്വാശ്രയ പദ്ധതി; സാമൂഹ്യ നീതി വകുപ്പിൻ്റെ സ്വയം തൊഴിൽ പദ്ധതി താങ്ങായത് നിരവധി പേർക്ക്

മാറഞ്ചേരി പരിച്ചകത്തെ കൊച്ചു വീട്ടില്‍ ഇനി ഒരിക്കലും ആശ്രയമില്ലാത്തവളായിരിക്കില്ല ഇപ്പൂട്ടിലയില്‍ ബിന്ദു. അവര്‍ക്കിപ്പോള്‍ സ്വാശ്രയയുടെ കൈത്താങ്ങുണ്ട്. ഭിന്നശേഷിക്കാരായ രണ്ട് മക്കളുമായി കഴിയുന്ന ബിന്ദുവിന് ജീവിക്കാന്‍ കരുത്ത് നല്‍കുകയാണ് സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കി വരുന്ന സ്വാശ്രയ പദ്ധതി.

സന്തോഷം നിറഞ്ഞ നാളുകള്‍ സ്വപ്‌നം കാണാന്‍ പോലും സാഹചര്യമില്ലാത്ത അവസ്ഥയിലായിരുന്നു ബിന്ദു. മക്കളായ നിഖിലയ്ക്കും വിഷ്ണുവിനും കാഴ്ചയില്ല. ചെറു പ്രായത്തിലേ പ്രമേഹം ബാധിച്ച് കാഴ്ചശക്തി നഷ്ടമാവുകയായിരുന്നു. ഭര്‍ത്താവ് അശോകന്‍ കൂലി വേല ചെയ്തു കിട്ടുന്ന വരുമാനം കൊണ്ടാണ് കുടുംബം മുന്നോട്ടുപോയത്. ഭിന്നശേഷിക്കാരായ രണ്ട് കുട്ടികള്‍ക്കും 1600 രൂപ വീതം ഭിന്നശേഷി പെന്‍ഷന്‍ കിട്ടിത്തുടങ്ങിയതും അല്പം ആശ്വാസമായിരുന്നു.

 

മൂത്തമകള്‍ അഖിലയെ വിവാഹം കഴിച്ചയച്ച ശേഷം, രണ്ടുവര്‍ഷം മുന്‍പാണ് അശോകന്‍ മരിച്ചത്. ഹൃദയസ്തംഭനമായിരുന്നു കാരണം. ഭിന്നശേഷിക്കാരായ രണ്ടു മക്കളെയും കൊണ്ട് എന്തുചെയ്യണമെന്നറിയാതെ നിസ്സഹായാവസ്ഥയിലായി ബിന്ദു. ആ ശൂന്യതയിലേക്കാണ് പ്രതീക്ഷയുടെ കിരണമായി സാമൂഹ്യനീതി വകുപ്പിന്റെ സ്വാശ്രയ പദ്ധതിയെത്തുന്നത്. 35,000 രൂപയാണ് ചെറിയ സംരംഭം തുടങ്ങുന്നതിന് ധനസഹായമായി കിട്ടിയത്. ഇപ്പോള്‍ കോഴി വളര്‍ത്തലില്‍ നിന്ന് വരുമാനം കണ്ടെത്തുകയാണ് ബിന്ദു. തീവ്ര ശാരീരിക-മാനസിക വെല്ലുവിളി നേരിടുന്നവരുടെ കുടുംബങ്ങള്‍ക്ക് വേണ്ടി സാമൂഹ്യനീതി വകുപ്പ് നടപ്പിലാക്കുന്ന പദ്ധതിയാണ് സ്വാശ്രയ. ഭിന്നശേഷിക്കാരായ മക്കളുടെ ദൈനംദിന കാര്യങ്ങള്‍ ചെയ്തു കൊടുക്കുന്നതിന് രക്ഷിതാക്കള്‍ വീട്ടില്‍ തന്നെ കഴിയേണ്ടിവരുന്ന സാഹചര്യമുള്ളവര്‍ക്ക് വേണ്ടിയാണ് ഈ പദ്ധതി. രക്ഷിതാക്കള്‍ക്ക് സ്വയംതൊഴില്‍ കണ്ടെത്തുന്നതിന് ഒറ്റത്തവണയായി 35,000 രൂപ ധനസഹായം നല്‍കുന്ന പദ്ധതിയാണ് സ്വാശ്രയ.

നിഖിലയ്ക്ക് 29 വയസ്സുണ്ട്. വിഷ്ണുവിന് 27ഉം. പ്രമേഹം പലവിധത്തിലുള്ള പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ട് അവര്‍ക്ക്. പുറത്തിറങ്ങണമെങ്കില്‍ മക്കളെയും കൂടെക്കൂട്ടണം. അതും വണ്ടിയില്ലാതെ പറ്റില്ല. അതാണ് കോഴി വളര്‍ത്തലിലേക്ക് തിരിഞ്ഞത്. എങ്ങോട്ടും പോകേണ്ടതില്ലല്ലോ.. എപ്പോഴും മക്കള്‍ക്കൊപ്പമുണ്ടാകുമല്ലോ…” ബിന്ദു പറയുന്നു.

 

ഇക്കഴിഞ്ഞ ജൂണിലാണ് സംരംഭം തുടങ്ങിയത്. നിലവിലുള്ള കോഴികളില്‍ നിന്ന് ഫാം വലുതാക്കാനാണ് ബിന്ദുവിന്റെ ശ്രമം. മക്കളുടെ ചികിത്സയ്ക്കും വീട്ടു ചെലവുകള്‍ക്കും ഇനി ആരെയും ആശ്രയിക്കേണ്ടിവരില്ലെന്ന ആശ്വാസത്തിലാണ് ബിന്ദു. 2024- 25 വര്‍ഷത്തില്‍ മലപ്പുറം ജില്ലയില്‍ 22 പേര്‍ക്കാണ് സ്വാശ്രയ പദ്ധതി വഴിയുള്ള തുക അനുവദിച്ചത്.