മാ കെയര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
ഊരകം എം.യു.എച്ച്. എസ്. സ്‌കൂളില്‍ ആരംഭിച്ച ജില്ലയിലെ കുടുംബശ്രീയുടെ ഒമ്പതാമത്തെ മാ കെയര്‍ സെന്റര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മന്നില്‍ ബെന്‍സീറ ഉദ്ഘാടനം ചെയ്തു. ആരോഗ്യകരവും പോഷക സമ്പുഷ്ടവുമായ ലഘു ഭക്ഷണങ്ങള്‍, പാനീയങ്ങള്‍, സ്‌കൂള്‍ സ്റ്റേഷനറി ഐറ്റങ്ങള്‍, സാനിറ്ററി നാപ്കിനുകള്‍ എന്നിങ്ങനെ കുട്ടികള്‍ക്ക് ആവശ്യമായതെല്ലാം സ്‌കൂളുകള്‍ക്കുള്ളില്‍ തന്നെ ലഭ്യമാക്കുക, കുട്ടികള്‍ പുറത്തുനിന്നുള്ള അനാരോഗ്യകരമായ ഭക്ഷണങ്ങളും ലഹരിപദാര്‍ത്ഥങ്ങളും വാങ്ങി ഉപയോഗിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ തടയുക, കുടുംബശ്രീ സംരംഭകര്‍ക്ക് ഉപജീവനം ഒരുക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. സി.ഡി.എസ് പ്രസിഡന്റ് കെ.സി. സജിനി, പി. നിഷി, പഞ്ചായത്ത് പ്രസിഡന്റ് സയ്യിദ് അബ്ദുള്ള മന്‍സൂര്‍ കോയ തങ്ങള്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോഡിനേറ്റര്‍ ബി. സുരേഷ് കുമാര്‍, സ്‌കൂള്‍ എച്ച്.എം കെ. അബ്ദുള്‍ റഷീദ്, കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ അഭിജിത്ത് മാരാര്‍, ബ്ലോക്ക് കോര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.