Fincat

സ്ഥാനമൊഴിഞ്ഞ് ധന്‍കര്‍; കാലാവധി തീരും മുമ്ബേ ഉപരാഷ്ട്രപതി രാജിവച്ചാല്‍… ഇനിയെന്ത്?


ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകറിന്റെ അപ്രതീക്ഷിത രാജി എല്ലാവരെയും ഞെട്ടിച്ച തീരുമാനമായിരുന്നു. തിങ്കളാഴച്ച (21-07-2025) രാത്രി വൈകിയായിരുന്നു ധൻകറിന്റെ രാജി പ്രഖ്യാപനം.ഇന്ത്യയുടെ ചരിത്രത്തില്‍ തന്നെ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപരാഷ്ട്രപതിയാണ് ജഗ്ദീപ് ധൻകർ. ധൻഖറിന് മുൻപ് വി വി ഗിരി, ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു കാലാവധി പൂർത്തിയാകും മുൻപ് രാജിവച്ച മറ്റ ഉപരാഷ്ട്രപതിമാർ. ഇരുവരും തിരഞ്ഞെടുപ്പില്‍ മത്സരിക്കാനായിരുന്നു ഉപരാഷ്ട്രപതി പദവി ഉപേക്ഷിച്ചത്. ഇവർക്ക് ശേഷം ഗോപാല്‍ സ്വരൂപ് പഥ, ശങ്കർ ദയാല്‍ ശർമ്മ എന്നിവർ ആ സ്ഥാനത്തേക്കെത്തി.

ഭരണഘടനയുടെ 68(2) അനുച്ഛേദ പ്രകാരം ഉപരാഷ്ട്രപതി രാജിവച്ചാല്‍ എത്രയും പെട്ടെന്ന് അടുത്ത തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് അനുശാസിക്കുന്നത്. അഞ്ച് വർഷമായിരിക്കും പുതുതായി തിരഞ്ഞെടുക്കപ്പെടുന്ന ഉപരാഷ്ട്രപതിയുടെ കാലാവധി. പദവിയില്‍ ഒഴിവ് വന്നാല്‍ ചുമതലകള്‍ ആര് നിർവ്വഹിക്കണം എന്ന കാര്യത്തെ പറ്റി ഭരണഘടനയില്‍ വ്യക്തമാക്കുന്നില്ല. രാജ്യസഭയിലെ ഉപരാഷ്ട്രപതിയുടെ വിടവ് നികത്തുക ഉപാധ്യക്ഷനായിരിക്കും. 35 വയസ് പൂർത്തിയായ ഏതൊരു ഇന്ത്യൻ പൗരനും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കാനാവും. 2022 ഓഗസ്റ്റിലായിരുന്നു ധൻകർ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് എത്തുന്നത്, 2027 വരെ കാലാവധിയുണ്ടായിരുന്നു.

രാഷ്ട്രപതി രാജിവച്ചാല്‍ ആറ് മാസത്തിനകം ഒഴിവ് നികത്തണമെന്നാണ് ഭരണഘടന അനുശാസിക്കുന്നത്. എന്നാല്‍ രാഷ്ട്രപതിയുടെ ഒഴിവിന് ഒരു പ്രത്യേക സമയത്തെക്കുറിച്ച്‌ വ്യക്തമാക്കുന്നില്ല, എന്നാല്‍ എത്രയും പെട്ടെന്ന് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് നിബന്ധന. തിരഞ്ഞെടുപ്പ് കമ്മീഷനായിരിക്കും ഷെഡ്യൂളുകള്‍ പ്രഖ്യാപിക്കുക. 1952ലെ രാഷ്ട്രപതി, ഉപരാഷ്ട്രപതി നിയമപ്രകാരമാണ് വോട്ടെടുപ്പ് നടത്തുക. കീഴ്‌വഴക്കമനുസരിച്ച്‌, പാർലമെന്റില്‍ ഏതെങ്കിലും സഭയിലെ സെക്രട്ടറി ജനറലിനെ മാറി മാറി റിട്ടേണിങ് ഓഫീസറായി നിയമിക്കും.

പാർലമെന്റില്‍ ഇരു സഭകളിലെയും അതായത് ലോക്‌സഭയിലെയും രാജ്യസഭയിലെയും അംഗങ്ങള്‍ ഉള്‍പ്പെടുന്ന ഒരു ഇലക്ടറല്‍ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിന്ന് വ്യത്യസ്തമായി, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ നിയമസഭാംഗങ്ങള്‍ പങ്കെടുക്കില്ല. ന്യൂഡല്‍ഹിയിലെ പാർലമെന്റ് ഹൗസില്‍ രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തില്‍ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകള്‍ക്കും തുല്യ മൂല്യമാണുള്ളത്.

തിരഞ്ഞെടുപ്പ് വിജയിക്കാൻ ഓരോ സ്ഥാനാർത്ഥിക്കും ഏറ്റവും കുറഞ്ഞ വോട്ടുകളെങ്കിലും ലഭിക്കണം. ഈ വോട്ടുകളെ ക്വാട്ട എന്നാണ് വിളിക്കുന്നത്. ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് മത്സരിക്കുന്ന ഒരാള്‍ ഇന്ത്യൻ പൗരനായിരിക്കണം, കുറഞ്ഞത് 35 വയസ്സ് പ്രായമുണ്ടായിരിക്കണം, രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ യോഗ്യതയുള്ള ആളായിരിക്കണം, ഏതെങ്കിലും പാർലമെന്ററി മണ്ഡലത്തില്‍ ഇലക്ടറായി രജിസ്റ്റർ ചെയ്തിരിക്കണം. പ്രസിഡന്റ്, ഗവർണർ, മന്ത്രി തുടങ്ങിയ സ്ഥാനങ്ങള്‍ ഒഴികെ, കേന്ദ്ര-സംസ്ഥാന സർക്കാരുകള്‍ക്ക് കീഴിലുള്ള ഒരു പദവിയും അവർ വഹിക്കരുത്.

ഉപരാഷ്ട്രപതി ജഗ്ദീപ് ധൻകർ രാജിവെച്ചതിന് പിന്നാലെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ മുന്നൊരുക്കം ആരംഭിച്ചു കഴിഞ്ഞു. ഉപരാഷ്ട്രപതി സ്ഥാനാർഥിക്കായി എൻഡിഎ ചർച്ച ആരംഭിച്ചതായാണ് വിവരം. വർഷകാല സമ്മേളനത്തില്‍ തന്നെ പുതിയ ഉപരാഷ്ട്രപതിയെ തെരഞ്ഞെടുക്കാനാണ് നീക്കം. ശശി തരൂർ എംപി, മുൻ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, മുൻ ഗോവ ഗവർണർ പി.എസ് ശ്രീധരൻ പിള്ള തുടങ്ങിയവരെയും പരിഗണിക്കുന്നുണ്ട്. നിലവില്‍ കോണ്‍ഗ്രസ് നേതൃത്വവുമായി ഇടഞ്ഞുനില്‍ക്കുന്ന തരൂരിന് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നവരില്‍ മുൻതൂക്കമുണ്ടെന്നാണ് സൂചന.