Fincat

വി എസിനെതിരായ ഫേസ്ബുക്ക് പോസ്റ്റ്; നീലേശ്വരം സ്വദേശിക്കെതിരെ കേസ്, ജില്ലയില്‍ ആകെ മൂന്ന് കേസ്


കാസര്‍ഗോഡ്: അന്തരിച്ച മുന്‍ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായ വി എസ് അച്യുതാനന്ദനെതിരായ ഫേസ്ബുക്ക് പോസ്റ്റിനെതിരെ കേസ്.കാസര്‍കോട് നീലേശ്വരം തൈക്കടപ്പുറം സ്വദേശി റഷീദ് മൊയ്തുവിന് എതിരെയാണ് പൊലീസ് കേസ്. ഇതോടെ ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം മൂന്നായി. നീലേശ്വരം, കുമ്ബള, ബേക്കല്‍ സ്റ്റേഷനുകളിലാണ് കേസുകള്‍.

കഴിഞ്ഞ ദിവസം വി എസ് അച്യുതാനന്ദനെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയെന്നാരോപിച്ച്‌ മുബാറക് റാവുത്തര്‍, ആബിദ് അടിവാരം, അഹ്‌മദ് കബീര്‍ കുന്നംകുളം എന്നിവര്‍ക്കെതിരെയും മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിരുന്നു. ജലീല്‍ പുനലൂര്‍ എന്നയാളാണ് പരാതി നല്‍കിയത്. വിലാപയാത്ര നടക്കുന്ന സമയത്ത് പോലും ക്രൂരമായി ആക്രമിക്കുന്നുവെന്ന് കാണിച്ചായിരുന്നു പരാതി. വി എസ് മുസ്ലിം വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ആരോപിച്ച്‌ ഇവരുടെ അക്കൗണ്ടുകളില്‍ നിന്ന് അധിക്ഷേപകരമായ കമന്റുകളും പോസ്റ്റുകളും വന്നിരുന്നു. ഇതിനെതിരെയായിരുന്നു പരാതി.

വി എസിനെ സാമൂഹിക മാധ്യമങ്ങളില്‍ അധിക്ഷേപിച്ച ജമാഅത്തെ ഇസ്ലാമി നേതാവ് ഹമീദ് വാണിയമ്ബലത്തിന്റെ മകന്‍ യസീന്‍ അഹമ്മദിനെതിരെയും പരാതി ലഭിച്ചിട്ടുണ്ട്. മലപ്പുറം വണ്ടൂര്‍ പൊലീസില്‍ ഡിവൈഎഫ്‌ഐയാണ് പരാതി നല്‍കിയത്. വി എസിനെ അധിക്ഷേപിച്ച്‌ പോസ്റ്റിട്ട ഒരു അധ്യാപകനെയും കഴിഞ്ഞ ദിവസം രാവിലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. നഗരൂര്‍ സ്വദേശി വി അനൂപിനെയാണ് അറസ്റ്റ് ചെയ്തത്.