Fincat

കേരള ഹജ്ജ് കമ്മിറ്റി ഓഫീസ് സ്മാര്‍ട്ട് ഓഫീസ് ആയി

കേരള ഹജ്ജ് കമ്മറ്റിയുടെ ഇ-ഓഫീസ് സംവിധാനം കേരള ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി ആര്‍ വിനോദ് നിര്‍വഹിച്ചു. ജില്ലാ കളക്ടറുടെ ചേംബറില്‍ നടന്ന ചടങ്ങില്‍ ഹജ്ജ് ഹൗസിലെ ലിഫ്റ്റിന്റെ വാര്‍ഷിക മെയിന്റനന്‍സിനുള്ള തുക ഇ-ഓഫീസ് സംവിധാനത്തിലൂടെ പാസാക്കിയാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. പരിപാടിയില്‍ ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ജാഫര്‍ കക്കൂത്ത്, കളക്ടറേറ്റ് ഐ ടി സെക്ഷന്‍ സൂപ്രണ്ട് മദനന്‍, പി കെ യാസര്‍ അറഫാത്ത് , സി മുഹമ്മദ് സുഹൈര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കരിപ്പൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കേരള ഹജ്ജ് കമ്മിറ്റി യുടെ എക്‌സിക്യൂട്ടീവ് ഓഫീസര്‍ എന്ന നിലയില്‍ പ്രധാനപ്പെട്ട എല്ലാ ഫയലുകളും കളക്ടറാണ് ഒപ്പിട്ടു പാസാക്കേണ്ടത്. ഇനിമുതല്‍ ജില്ലാ കളക്ടറുടെ ഓഫീസിലേയ്ക്ക് ഫയലുമായി പോകാതെ തന്നെ ഓണ്‍ലൈനായി കളക്ടര്‍ക്ക് കാണാനും നടപടി എടുക്കാനും കഴിയും. കടലാസ് രഹിത ഓഫീസ് എന്ന രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള തുടക്കമാണിത്. പൊതുജനങ്ങള്‍ക്ക് സിറ്റിസണ്‍ പോര്‍ട്ടലിലൂടെ ഫയലുകളുടെ നീക്കം അറിയാനും കഴിയും. ഓഫീസ് പ്രവര്‍ത്തനം സുതാര്യമാക്കാനും കാര്യക്ഷമമാക്കാനും ഇതു മൂലം കഴിയുമെന്ന് അസി. സെക്രട്ടറി ജാഫര്‍ കക്കൂത്ത് പറഞ്ഞു.