Fincat

ലാന്‍ഡ് ബാങ്ക് പദ്ധതി: ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു

പോത്ത്കല്ല് ഗ്രാമപ്പഞ്ചായത്തിലെ മണ്ണിടിച്ചില്‍ ഭീഷണി നേരിടുന്ന നാരങ്ങാപൊയില്‍ ഉന്നതിയിലെയും തണ്ടന്‍കല്ല് ഉന്നതിയിലെയും കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനായി ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഭൂമി കണ്ടെത്തി വിതരണം ചെയ്യുന്നതിന് പോത്തുകല്ല് ഗ്രാമപഞ്ചായത്തില്‍ ഭൂമി വില്‍ക്കുന്നതിന് തയ്യാറുള്ള ഭൂവുടമകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ഭൂമിയുടെ ഉടമസ്ഥര്‍ തങ്ങളുടെ ഉടമസ്ഥതയിലുള്ള വാസയോഗ്യമായ ഭൂമി (കുടിവെള്ള ലഭ്യത, റോഡ്, വൈദ്യുതി സൗകര്യം തുടങ്ങിയവ ഉള്ളതും നെല്‍വയല്‍ ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടാത്തതും മറ്റ് യാതൊരുവിധ നിയമക്കുരുക്കുകളിലും ബാധ്യതകളില്ലാത്ത വാസയോഗ്യമായ ഉത്തമഭൂമി) വില്‍ക്കുന്നതിന് തയ്യാറാണെന്ന സമ്മതപത്രം ഉള്‍പ്പെടുത്തി ആദിവാസി പുനരധിവാസ മിഷന്‍ (ടി.ആര്‍.ഡി.എം) ജില്ലാ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക്

അപേക്ഷ നല്‍കണം.

കുറഞ്ഞത് ഒരേക്കര്‍ വരെയുള്ള ഭൂമിയുടെ ഉടമസ്ഥര്‍ക്ക് വില്‍പ്പനക്കായി അപേക്ഷിക്കാം. സ്ഥല ഉടമകള്‍ സമര്‍പ്പിക്കുന്ന ഓഫറുകളോടൊപ്പം വസ്തുവിന്റെ ആധാരത്തിന്റെ പകര്‍പ്പ് അടിയാധാരം, ഭൂമിയുടെ സ്‌കെച്ച്, ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, തണ്ടപ്പേര്‍ അക്കൗണ്ട്, 15 വര്‍ഷത്തെ കുടിക്കട സര്‍ട്ടിഫിക്കറ്റ്, ലൊക്കേഷന്‍ സര്‍ട്ടിഫിക്കറ്റ്, നോണ്‍ അറ്റാച്ച്‌മെന്റ് സര്‍ട്ടിഫിക്കറ്റ്, ജില്ലാ ഗവണ്‍മെന്റ് പ്ലീഡറില്‍ നിന്നുള്ള ലീഗല്‍ സ്‌ക്രൂട്ടിനി സര്‍ട്ടിഫിക്കറ്റ്, സെന്റ് ഒന്നിന് പ്രതീക്ഷിക്കുന്ന തുക, മുഴുവന്‍ വസ്തുവിനും പ്രതീക്ഷിക്കുന്ന തുക, വസ്തു വില്‍പ്പനക്ക് തയ്യാറാണെന്നുള്ള സമ്മതപത്രം എന്നിവ ഉള്‍പ്പെട്ടിരിക്കണം.

ഭൂമി തെരെഞ്ഞെടുക്കുന്നതിനും ഗുണനിലവാരം നിശ്ചയിക്കുന്നതിനും ഇതിന്റെ അടിസ്ഥാനത്തില്‍ അപേക്ഷകള്‍ പരിഗണിക്കുന്നതിനും നിരസിക്കുന്നതിനും ജില്ലാ കളക്ടര്‍ക്ക് വിവേചനാധികാരം ഉണ്ടായിരിക്കും. തര്‍ക്കങ്ങളിലും മറ്റും സംസ്ഥാന പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ തീരുമാനം അന്തിമമായിരിക്കും. ഭൂമി വില്‍ക്കുന്നതിന് താത്പര്യമുള്ള ഭൂവുടമകള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ജില്ലാ കളക്ടര്‍, ജില്ലാ പട്ടികവര്‍ഗ്ഗ വികസന പ്രൊജക്ട് ഓഫീസര്‍ എക്റ്റന്‍ഷന്‍ ഓഫീസര്‍ എന്നിവരുടെ കാര്യാലയങ്ങളില്‍ നിന്നും ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ആഗസ്റ്റ് എട്ട്.