കണ്ണൂര്‍: ജയില്‍ ചാടിയശേഷം കേരളം വിടാന്‍ പദ്ധതിയിട്ടെന്ന് സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയുടെ മൊഴി. സംസ്ഥാനം വിടാനായിരുന്നു പദ്ധതിയെന്നും മോഷണം നടത്തി പണം കണ്ടെത്തുകയായിരുന്നു ലക്ഷ്യമെന്നും ഗോവിന്ദച്ചാമി മൊഴി നല്‍കി.ഒന്നരമാസത്തെ ആസൂത്രണത്തിനൊടുവിലാണ് ജയില്‍ ചാടിയതെന്നും പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചാണ് മതിലിന് മുകളിലേക്ക് കയറിയതെന്നും ഗോവിന്ദച്ചാമി പൊലീസിനോട് പറഞ്ഞു. ഗോവിന്ദച്ചാമിയെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യംചെയ്യുകയാണ്.
ഇന്ന് പുലർച്ചെ ഒന്നരയോടെ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ പത്തരയോടെ പൊലീസ് കണ്ടെത്തി. തളാപ്പിലെ ആളൊഴിഞ്ഞ പറമ്ബിലെ കിണറ്റിനുള്ളില്‍ നിന്നായിരുന്നു ഇയാളെ കണ്ടെത്തിയത്. കിണറ്റില്‍ ഒളിഞ്ഞിരിക്കുകയായിരുന്നു ഗോവിന്ദച്ചാമി. ഇയാളെ പൊലീസ് കണ്ണൂർ ടൗണ്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ഗോവിന്ദച്ചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് ജയില്‍ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുത്തിട്ടുണ്ട്. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയും അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തു. ജയില്‍ ഉദ്യോഗസ്ഥർക്ക് വീഴ്ചയുണ്ടായി എന്ന് ജയില്‍ മേധാവി വ്യക്തമാക്കി.
പുലര്‍ച്ചെ ഒന്നേകാലോടെ സെല്ലില്‍ നിന്നിറങ്ങിയ ഗോവിന്ദച്ചാമി ക്വാറന്റീന്‍ ബ്ലോക്ക് വഴി കറങ്ങി മതിലിനടുത്തെത്തിയെന്ന് ജയിലിലെ സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്. തുടര്‍ന്ന് തുണി ഉപയോഗിച്ച് വടം ഉണ്ടാക്കി അത് മതിലിന് മുകളിലെ ഫെന്‍സിങ്ങിലേക്ക് എറിയുകയായിരുന്നു. ഇതുവഴി പുറത്തേക്ക് ചാടി. പുലര്‍ച്ചെ അഞ്ചുമണിയോടെയാണ് ജയില്‍ അധികൃതര്‍ മതിലില്‍ തൂങ്ങിക്കിടക്കുന്ന നിലയില്‍ വടം കണ്ടത്. ഇതോടെ ഓരോ സെല്ലുകളായി പരിശോധിച്ചു.
ഗോവിന്ദച്ചാമിയാണ് ചാടിപ്പോയതെന്ന് സെല്ലിനടുത്തെത്തിയപ്പോള്‍ മാത്രമാണ് ജയില്‍ അധികൃതര്‍ തിരിച്ചറിഞ്ഞത്. ഗോവിന്ദച്ചാമി ജയില്‍ ചാടി മൂന്നുമണിക്കൂറിലധികം കഴിഞ്ഞാണ് പൊലീസ് അക്കാര്യം തിരിച്ചറിഞ്ഞത്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങളും പരിസരവും പരിശോധിച്ചു. ആറുമണിയോടെ ജയില്‍ചാട്ടം സ്ഥിരീകരിച്ചു. ഏഴുമണിയോടെ മാത്രമാണ് പൊലീസ് പരിശോധന ആരംഭിച്ചതും കണ്ണൂര്‍ പൊലീസിന് വിവരം കൈമാറിയതും.