ഭീകരപ്രവര്‍ത്തനം, കൊലപാതകം; മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി
റിയാദ്: സൗദിയില്‍ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെടുകയും സുരക്ഷാഭടനെയും വിദേശ പൗരനെയും കൊലപ്പെടുത്തുകയും ചെയ്ത മൂന്ന് സൗദി പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി. ഒരു ഭീകരവാദ സംഘടനയില്‍ ചേരുകയും സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കുകയും ബെല്‍റ്റ് ബോംബുകളുമായി ചാവേറാക്രമണം നടത്താന്‍ പ്ലാനിടുകയും ചെയ്ത പ്രതികളുടെ ശിക്ഷ വ്യാഴാഴ്ച അല്‍ ഖസീം പ്രവിശ്യയിലാണ് നടപ്പാക്കിയത്.
മുസാഅദ് ബിന്‍ മുഹമ്മദ് ബിന്‍ അലി അല്‍ റുബാഇ, അബ്ദുല്ല ബിന്‍ ഇബ്രാഹിം ബിന്‍ അബ്ദുല്‍ അസീസ് അല്‍ മുഹൈമീദ്, റയാന്‍ ബിന്‍ അബ്ദുല്‍സലാം ബിന്‍ അലി അല്‍ റുബാഇ എന്നീ പ്രതികളെയാണ് വധശിക്ഷക്ക് വിധേയമാക്കിയത്. പ്രതികള്‍ നിരവധി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തി. ഒരു തീവ്രവാദ സംഘടനയില്‍ ചേരുക, ബോംബ് ഉള്‍പ്പടെയുള്ള സ്‌ഫോടകവസ്തുക്കള്‍ നിര്‍മിക്കാന്‍ ആസൂത്രണം ചെയ്യുക, ആയുധങ്ങളും വെടിക്കോപ്പുകളും കൈവശം വയ്ക്കുക, തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ധനസഹായം നല്‍കുക എന്നിവയാണ് കുറ്റവാളികള്‍ ചെയ്ത കുറ്റകൃത്യങ്ങള്‍ എന്ന് ആഭ്യന്തര മന്ത്രാലയം അല്‍ ഖസീം പ്രവിശ്യാകാര്യാലയം അറിയിച്ചു.
പ്രതികളുടെ ഭീകര പ്രവര്‍ത്തനങ്ങള്‍ ഒരു സുരക്ഷാ ഉദ്യോഗസ്ഥന്റെയും ഒരു വിദേശിയുടെയും കൊലപാതകത്തില്‍ കലാശിച്ചു. കൂടാതെ സമൂഹത്തിന്റെ സുരക്ഷയും സ്ഥിരതയും തകര്‍ക്കുക എന്ന ലക്ഷ്യത്തോടെ മറ്റ് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയിടുകയും ചെയ്തു. കീഴ്‌കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതിയും ശരിവെച്ചതിനെ തുടര്‍ന്ന് വിധി നടപ്പാക്കാന്‍ രാജാവ് ഉത്തരവ് പുറപ്പെടുവിച്ചു. നിരപരാധികളായ ആളുകളെ ആക്രമിക്കുകയോ രക്തം ചിന്തുകയോ ചെയ്യുന്നവര്‍ക്കും അവരുടെ ജീവിക്കാനും സുരക്ഷിതത്വത്തിനുമുള്ള അവകാശം ലംഘിക്കുന്നവര്‍ക്കും എതിരെ കര്‍ശന ശിക്ഷാനടപടിയുണ്ടാവുമെന്നും സുരക്ഷ സ്ഥാപിക്കാനും നീതി കൈവരിക്കാനും ഇസ്ലാമിക ശരീഅത്തിന്റെ വ്യവസ്ഥകള്‍ നടപ്പാക്കാനും ഭരണകൂടം പ്രതിജ്ഞാബദ്ധമാണെന്ന് ആഭ്യന്തര മന്ത്രാലയം രാജ്യവാസികള്‍ക്ക് ഉറപ്പ് നല്‍കി.