Fincat

തദ്ദേശതിരഞ്ഞെടുപ്പ്: വോട്ടര്‍ ബോധവല്‍ക്കരണത്തിനായി ലീപ്-കേരള

2025ലെ തദ്ദേശ പൊതുതിരഞ്ഞെടുപ്പിന് വേണ്ടി വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ക്കുന്നതുള്‍പ്പെടെയുള്ള തിരഞ്ഞെടുപ്പ് പ്രക്രിയകളെ കുറിച്ചുള്ള ബോധവല്‍ക്കരണ പരിപാടിയുമായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍.

വോട്ടര്‍മാര്‍ക്കും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്കും തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും വോട്ടര്‍പട്ടിക പുതുക്കലുള്‍പ്പെടെയുള്ള തദ്ദേശതിരഞ്ഞെടുപ്പു പ്രക്രിയകളില്‍ അവബോധമുണ്ടാക്കുകയാണ് ലീപ്-കേരള (ലോക്കൽ ബോഡി ഇലക്ഷൻ അവയർനെസ് പ്രോഗ്രാം-കേരള) എന്ന ബോധവത്കരണ പരിപാടിയിലൂടെ ലക്ഷ്യമിടുന്നത്.

ഇതാദ്യമായാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്‍ വോട്ടര്‍ ബോധവല്‍ക്കരണത്തിനായി പ്രത്യേക പ്രചാരണപരിപാടി സംഘടിപ്പിക്കുന്നത്. ഇതിന് വേണ്ടി ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായി ജില്ലാതലസമിതികള്‍ രൂപീകരിച്ചു കഴിഞ്ഞു. ഇലക്ഷന്‍ ഡപ്യൂട്ടി കളക്ടര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എന്നിവര്‍ അംഗങ്ങളായ കമ്മിറ്റിയുടെ കണ്‍വീനര്‍ തദ്ദേശവകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടറാണ്.

വോട്ടര്‍പട്ടികയില്‍ പേരു ചേര്‍ക്കുന്നതിന്റെ നടപടിക്രമങ്ങള്‍, ലോകസഭ,നിയമസഭ തിരഞ്ഞെടുപ്പും വോട്ടര്‍പട്ടികയുമായി തദ്ദേശതിരഞ്ഞെടുപ്പ് പ്രക്രിയയ്ക്കും വോട്ടര്‍പട്ടികയ്ക്കുമുള്ള വ്യത്യാസങ്ങള്‍ തുടങ്ങിയ കാര്യങ്ങളിലെല്ലാം വ്യാപകമായ പ്രചാരണമാണ് ലീപ്-കേരളയിലൂടെ ലക്ഷ്യമിടുന്നത്. കോളേജ് വിദ്യാര്‍ത്ഥികള്‍, യുവജനങ്ങള്‍ എന്നിവരെ പരമാവധി വോട്ടര്‍പട്ടികയില്‍ ചേര്‍ക്കുകയാണ് ലീപ്-കേരളയുടെ ലക്ഷ്യം.

ലീപ് -കേരളയുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍മാര്‍ക്കും മാധ്യമപ്രവര്‍ത്തകര്‍ക്കുമായി ഏകദിന ശില്പശാല സംസ്ഥാനതിരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്ത് നടന്നു.

പത്രക്കുറിപ്പുകള്‍ക്കു പുറമേ, സമൂഹമാധ്യമങ്ങളിലൂടെ ലഘുവീഡിയോകള്‍, റീലുകള്‍, പോസ്റ്ററുകള്‍, ചോദ്യോത്തരപംക്തി എന്നിവ വോട്ടര്‍ ബോധവല്‍ക്കരണത്തിനായി പ്രചരിപ്പിക്കാനാണ് ഉദ്ദേശ്യം.

അര്‍ഹരായ മുഴുവന്‍ പേരെയും വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തുക, വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെട്ട മുഴുവന്‍പേരും വോട്ടു ചെയ്യുക എന്നതാണ് കമ്മീഷന്റെ ലക്ഷ്യം. വോട്ടിനായി പേരു ചേര്‍ത്തിടാം, നാടിനായി വോട്ടു ചെയ്തിടാം എന്നതാണ് ലീപ്-കേരളയുടെ മുദ്രാവാക്യം. ലീപ്-കേരള പ്രചാരണപരിപാടിക്കായി ആകര്‍ഷകമായ ലോഗോയും പ്രസിദ്ധീകരിച്ചിട്ടുണ്ട്.