Fincat

രക്ത പരിശോധനയില്‍ സഹോദരന് എച്ച്‌ഐവി; നാണക്കേട് ഭയന്ന് യുവതിയും ഭര്‍ത്താവും ചേര്‍ന്ന് യുവാവിനെ കൊലപ്പെടുത്തി


ബെംഗ്ലൂരു: കര്‍ണാടകയില്‍ എച്ച്‌ഐവി ബാധിതനായ യുവാവിനെ സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തി. കുടുംബത്തിന് നാണക്കേടുണ്ടാവുമെന്ന് ഭയന്നാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍.കര്‍ണാടകയിലെ ചിത്ര ദുര്‍ഗയിലാണ് സംഭവം.

മല്ലികാര്‍ജ്ജുന്‍ എന്ന 23 കാരനെയാണ് സഹോദരിയും ഭര്‍ത്താവും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തിയത്. മല്ലികാര്‍ജ്ജുന്‍ ബെംഗ്ലൂരുവിലെ ഒരു സ്വകാര്യ കമ്ബനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. ഈ കഴിഞ്ഞ ജൂലൈ 23ന് കുടുംബത്തെ കാണാനായി സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യവെ ഇയാള്‍ ഒരു അപകടത്തില്‍പ്പെടുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ മല്ലികാര്‍ജ്ജുനെ ചിത്ര ദുര്‍ഗയിലെ ഒരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശസ്ത്രക്രിയ ആവശ്യമാണെന്ന് മനസിലാക്കിയതിന് പിന്നാലെ നടത്തിയ രക്ത പരിശോധനയിലാണ് യുവാവ് എച്ച്‌ഐവി പോസിറ്റീവാണെന്ന് കണ്ടെത്തിയത്. അമിത രക്തസ്രാവം കണ്ടെത്തിയതോടെ യുവാവിനെ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

മല്ലികാര്‍ജ്ജുന്റെ സഹോദരിയായ നിഷയാണ് താനും ഭര്‍ത്താവും ചേര്‍ന്ന് സഹോദരനെ ബെംഗ്ലൂരുവിലെ ആശുപത്രിയിലെത്തിക്കാമെന്ന് പറഞ്ഞ് യാത്ര തിരിച്ചത്. യാത്രാ മദ്ധ്യേ സഹോദരന്‍ മരിച്ചുവെന്ന് അറിയിച്ച്‌ നിഷയും ഭര്‍ത്താവും തിരികെ വരികയായിരുന്നു. മല്ലികാര്‍ജ്ജുന്റെ അപ്രതീക്ഷിത മരണത്തെ പറ്റി പിതാവ് ചോദ്യം ചെയ്തതിന് പിന്നാലെയാണ് നിഷ താനും ഭര്‍ത്താവും ചേര്‍ന്ന് കൊലപ്പെടുത്തിയതാണെന്ന് സമ്മതിക്കുന്നത്. യാത്രക്കിടയില്‍ വാഹനത്തിനുള്ളില്‍ വെച്ച്‌ തന്നെ പുതപ്പ് ഉപയോഗിച്ച്‌ മല്ലികാര്‍ജ്ജുനെ ഇരുവരും കൊലപ്പെടുത്തുകയായിരുന്നു. മല്ലികാര്‍ജ്ജുന്‍ എച്ച്‌ഐവി ബാധിതനാണെന്ന് പുറത്ത് അറിയുന്നത് നാണകേടാണെന്നും അതുകൊണ്ടാണ് സഹോദരനെ കൊലപ്പെടുത്തിയതെന്നും നിഷ വെളിപ്പെടുത്തി. വിവരം മനസിലാക്കിയ പിതാവ് തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പിന്നാലെ ഇരുവരെയും പൊലീസെത്തി അറസ്റ്റ് ചെയ്തു. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.