Fincat

പഴംതീനി വവ്വാലുകളെ കൊന്ന് കോഴിയിറച്ചിയെന്ന വ്യാജേന വിറ്റു: രണ്ട് പേര്‍ അറസ്റ്റില്‍


ചെന്നൈ: വവ്വാല്‍ മാംസം കോഴിയിറച്ചിയെന്ന വ്യാജേന വിറ്റ സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. സേലം ജില്ലയില്‍ ഒമല്ലൂരിലെ ഡാനിഷ്‌പേട്ടൈയിലാണ് സംഭവം.ഇവർ പഴംതീനി വവ്വാലുകളെ (ഫ്രൂട്‌സ് ബാറ്റ്‌സ്) വേട്ടയാടി പാചകം ചെയ്യുകയും കോഴിയിറച്ചിയെന്ന വ്യാജേന വില്‍പ്പനയ്ക്ക് വയ്ക്കുകയായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരാണ് ഇവരെ അറസ്റ്റ് ചെയ്തത്. തോപ്പൂര്‍ രാമസ്വാമി ഫോറസ്റ്റ് റേഞ്ചില്‍ ഒന്നിലധികം വെടിയൊച്ചകള്‍ കേട്ടതായി വനം വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഫോറസ്റ്റ് റേഞ്ചര്‍ വിമല്‍ കുമാറിന്റെ നേതൃത്വത്തിലുളള പട്രോളിംഗ് സംഘം പരിശോധന നടത്തുകയായിരുന്നു. കമല്‍, സെല്‍വം എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ അന്വേഷണം നടന്നുവരികയാണ്.

കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ബെംഗളൂരുവിലും സംശയകരമായ സാഹചര്യത്തില്‍ ഇറച്ചി പിടികൂടിയിരുന്നു. ബെംഗളൂരു റെയില്‍വെ സ്‌റ്റേഷനില്‍ മാംസക്കടത്ത് നടക്കുന്നു എന്നായിരുന്നു ആരോപണം. മാംസം മറ്റേതോ മൃഗത്തിന്റേതാണെന്ന് സംശയിക്കുന്നുവെന്നായിരുന്നു ആരോപണം. ഇത് ആശങ്കയ്ക്കിടയാക്കി. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ (എഫ്‌എസ്‌എസ്‌എഐ) അന്വേഷണം ആരംഭിച്ചു. ഭക്ഷ്യ അതോറിറ്റി അധികൃതര്‍ സാമ്ബിളുകള്‍ ശേഖരിച്ച്‌ പരിശോധനയ്ക്ക് അയക്കുകയും ചെയ്തു. നായ്ക്കളുടെ മാംസമാണ് കച്ചവടം ചെയ്യാന്‍ ശ്രമിച്ചതെന്ന തരത്തില്‍ സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുമുണ്ടായിരുന്നു. ഒടുവില്‍ അത് ചെമ്മരിയാടിൻ്റെ മാംസമാണെന്ന് കണ്ടെത്തുകയായിരുന്നു.