Fincat

മലപ്പുറം ജില്ലയില്‍ വനിതാ കമ്മീഷന്‍ സിറ്റിങ് നടത്തി

സംസ്ഥാന വനിതാ കമ്മീഷന്‍ അംഗം വി. ആര്‍. മഹിളാമണിയുടെ നേതൃത്വത്തില്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തില്‍ 52 പരാതികള്‍ പരിഗണിച്ചു. 14 കേസുകള്‍ തീര്‍പ്പാക്കി. ബാക്കി 30 കേസുകള്‍ അടുത്ത സിറ്റിങില്‍ പരിഗണിക്കുന്നതിനായി മാറ്റി വച്ചു. എട്ട് കേസ് പൊലീസ് റിപ്പോര്‍ട്ടിനായി നല്‍കി.

പ്രായമായ മാതാവിന് ആവശ്യമായ സംരക്ഷണം നല്‍കാതെ ഇവരുടെ ഭൂമിയിലും വസ്തുവിലും മക്കള്‍ അവകാശം ഉന്നയിക്കുന്നതിനെതിരെ നല്‍കിയ പരാതി പരിഗണിക്കുന്നതിന്റെ ഭാഗമായി ആര്‍ ഡി ഒ ഓഫീസില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു. വിഷയം കോടതിയുടെ പരിഗണനയിലാണ്. കോടതിയുടെ പരിഗണനയിലുള്ള കേസുകളില്‍ വേഗത്തില്‍ നടപടികള്‍ ഉണ്ടാവാന്‍ കമ്മീഷന്‍ ശ്രമം നടത്തും.

 

ദീര്‍ഘകാലം പ്രവാസിയായിരുന്ന വ്യക്തി തിരികെ വീട്ടിലെത്തിയപ്പോള്‍ ഇരുകൂട്ടര്‍ക്കും മാനസികമായി പൊരുത്തപ്പെട്ടു പോവാന്‍ കഴിയാത്ത സംഭവത്തില്‍ ഇവര്‍ക്ക് ആവശ്യമായ കൗണ്‍സിലിങിന് വിധേയമാവാന്‍ കമ്മീഷന്‍ നിര്‍ദേശിച്ചു.

 

ചില എയ്ഡഡ് സ്‌കൂള്‍ മാനേജര്‍മാര്‍ തന്നിഷ്ടപ്രകാരം പ്രവര്‍ത്തിക്കുന്നതായും പലപ്പോഴും സീനിയോറിറ്റി വരെ പരിഗണിക്കാതെ വേണ്ടപ്പെട്ടവര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പലപ്പോഴും ജീവനക്കാരുടെ മേലാണ് കുറ്റം ചാര്‍ത്തുക.

സ്‌കൂളിന് ലഭിച്ച സര്‍ക്കാര്‍ ഫണ്ട് വക മാറ്റി ചിലവഴിച്ചതുമായി ബന്ധപ്പെട്ട് നല്‍കിയ പരാതിയില്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറില്‍ നിന്നും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവുമായി ബന്ധപ്പെട്ട കേസുകള്‍ കമ്മീഷനു മുമ്പാകെ എത്തിയിട്ടുണ്ടെന്നും അവ ഉടന്‍ പരിഗണിക്കുമെന്നും കമ്മീഷനംഗം വി. ആര്‍ മഹിളാമണി പറഞ്ഞു.

 

അദാലത്തില്‍ അഡ്വ. ബീന കരുവാത്ത് , അഡ്വ. ഒ.സുകൃതകുമാരി , ഫാമിലി കൗണ്‍സിലര്‍ ഷെറിന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.