ഏഴ് വര്‍ഷത്തിന് ശേഷം ഒരു ഹിറ്റ്! വമ്ബൻ കംബാക്കുമായി വിജയ് ദേവരകൊണ്ട; മികച്ച അഭിപ്രായങ്ങള്‍ നേടി ‘കിങ്ഡം’
ജേഴ്‌സി എന്ന സിനിമയിലൂടെ പ്രേക്ഷകരുടെ മനസ്സില്‍ ഇടംപിടിച്ച സംവിധായകനാണ് ഗൗതം തന്നൂരി. മികച്ച പ്രതികരണം നേടിയ സിനിമ ബോക്സ് ഓഫീസില്‍ വലിയ വിജയമാണ് നേടിയത്.വിജയ് ദേവരകൊണ്ടയെ നായകനാക്കി ഒരുക്കുന്ന കിങ്ഡം ആണ് ഗൗതമിന്റെ സംവിധാനത്തില്‍ ഇപ്പോള്‍ പുറത്തുവന്ന സിനിമ. ചിത്രം ഇന്ന് തിയേറ്ററുകളില്‍ എത്തി. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. വിജയ് ദേവരകൊണ്ടയുടെ കംബാക്ക് ആണ് സിനിമ എന്നാണ് അഭിപ്രായങ്ങള്‍.
അനിരുദ്ധിന്റെ മ്യൂസിക്കിനും പശ്ചാത്തലസംഗീതത്തിനും കയ്യടികള്‍ ലഭിക്കുന്നുണ്ട്. ചിത്രത്തിനെ മറ്റൊരു തലത്തിലേക്ക് ഉയർത്താൻ അനിരുദ്ധിന് സാധിച്ചെന്നും ഇന്റെർവെല്ലിനോട് അടുക്കുമ്ബോള്‍ അദ്ദേഹം ഗംഭീര മ്യൂസിക് ആണ് ചെയ്തിരിക്കുന്നതെന്നും കമന്റുകളുണ്ട്. സിനിമയുടെ രണ്ടാം പകുതിയേക്കാള്‍ ആദ്യ പകുതി മികച്ച് നില്‍ക്കുന്നു എന്ന് പലരും അഭിപ്രായങ്ങള്‍ പറയുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ തിരിച്ചുവരവാണ് കിങ്ഡം എന്നും മികച്ച പ്രകടനമാണ് നടൻ കാഴ്ചവെച്ചിരിക്കുന്നതെന്നും എക്സില്‍ നിരവധി പേർ കുറിക്കുന്നുണ്ട്. സിനിമയുടെ തമിഴ് പതിപ്പിനും നല്ല അഭിപ്രായങ്ങളാണ് വരുന്നത്.
ആഗോള തലത്തില്‍ നിന്നും 15 കോടിയാണ് ഈ വിജയ് ദേവരകൊണ്ട ചിത്രം പ്രീ സെയില്‍ വഴി നേടിയത്. ഇത് തെലുങ്കിലെ ടൈർ 2 താരങ്ങളിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ കളക്ഷൻ ആണ്. 17 കോടിയുമായി നാനി ചിത്രം ഹിറ്റ് 3 ആണ് മുന്നില്‍. കിങ്ഡം ആഗോള തലത്തില്‍ വമ്ബൻ ഓപ്പണിങ് തന്നെ നേടുമെന്നാണ് കണക്കുകൂട്ടല്‍. മലയാളി നടൻ വെങ്കിടേഷും സിനിമയില്‍ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ദുല്‍ഖറിന്റെ ഉടമസ്ഥതയിലുള്ള വേഫേറർ ഫിലിംസ് ആണ് ചിത്രം കേരളത്തില്‍ എത്തിക്കുന്നത്. തമിഴിലും തെലുങ്കിലുമാണ് ചിത്രം പുറത്തിറങ്ങുന്നത്. രണ്ട് ലുക്കില്‍ പക്കാ മാസ് റോളിലാണ് വിജയ് സിനിമയില്‍ എത്തുന്നത്.