യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍ ബന്ധുവിനും സുഹൃത്തുക്കള്‍ക്കും അയച്ചുകൊടുത്ത് ലോണ്‍ ആപ്പ് ഭീഷണിപ്പെടുത്തിയതായി പരാതി. ലോണ്‍ ആപ്പ് വഴി കടമെടുത്ത 1300 രൂപയ്ക്ക് തിരികെ അതില്‍ക്കൂടുതല്‍ പണം നല്‍കിയിട്ടും ഭീഷണിപ്പെടുത്തുകയായിരുന്നു ആപ്പ് അധികൃതര്‍ എന്ന് മുംബൈയിലെ 25 വയസുകാരിയായ യുവതിയുടെ പരാതിയില്‍ പറയുന്നതായി പൊലീസിനെ ഉദ്ദരിച്ച് ദേശീയ മാധ്യമമായ എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്‌തു.
ജോഗേശ്വരി വെസ്റ്റിലെ ക്രാന്തി സ്വദേശിയായ 25കാരിയാണ് ലോണ്‍ ആപ്പില്‍ നിന്ന് ദുരനുഭവം നേരിട്ടതായി പരാതിയുമായി മുംബൈ പൊലീസിനെ സമീപിച്ചത്. ഇന്‍സ്റ്റഗ്രാമിലെ പരസ്യം കണ്ട് ‘ക്യാഷ് ലോണ്‍’ എന്ന് പേരുള്ള ആപ്പില്‍ നിന്ന് യുവതി പണം കടമെടുക്കുകയായിരുന്നു എന്ന് പരാതി അടിസ്ഥാനമാക്കി പൊലീസ് പറയുന്നു. ഞെട്ടിക്കുന്ന വിവരങ്ങളാണ് യുവതിയുടെ പരാതിയുള്ളത്. യുവതി ഇക്കഴിഞ്ഞ ജൂലൈ 20-ന് ലോണ്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്‌ത ശേഷം ആദ്യം ആധാര്‍ കാര്‍ഡും ബാങ്ക് അക്കൗണ്ട് ഡീറ്റൈല്‍സും അടക്കമുള്ള വ്യക്തി വിവരങ്ങള്‍ സമര്‍പ്പിച്ചു. ഇതിന് ശേഷം 2000 രൂപ ലോണിന് അപേക്ഷിച്ചു. അപേക്ഷിച്ചത് രണ്ടായിരം രൂപയ്‌ക്കെങ്കിലും ആറ് ദിവസത്തെ കാലാവധിയില്‍ 1300 രൂപയായിരുന്നു ആപ്പില്‍ നിന്ന് യുവതിക്ക് ലഭിച്ചത്. തിരിച്ചടവിനുള്ള ആറ് ദിവസത്തെ കാലാവധി അവസാനിക്കും മുമ്പേ യുവതിക്ക് ആപ്പ് അധികൃതരില്‍ നിന്ന് ഭീഷണികള്‍ വന്നുതുടങ്ങിയതായി പരാതിയില്‍ പറയുന്നു. ലോണ്‍ ആപ്പിലെ ജോലിക്കാരന്‍ എന്ന് സ്വയം പരിചയപ്പെടുത്തിയ ഒരാള്‍, ഉടന്‍ പണം തിരികെ തന്നില്ലെങ്കില്‍ നഗ്നചിത്രങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പരസ്യപ്പെടുത്തും എന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് യുവതിയുടെ പരാതിയില്‍ പറയുന്നത്.
ഭീഷണിയില്‍ ഭയന്ന യുവതി 1000 രൂപ വീതം രണ്ടുവട്ടം സന്ദേശ് കുമാര്‍ എന്ന് പേരുള്ള വ്യക്തിക്ക് ഒരു പേയ്‌മെന്‍റ് ആപ്പ് വഴി അയച്ചുകൊടുത്തു. എന്നിട്ടും ലോണ്‍ ആപ്പ് അധികൃതര്‍ ബ്ലാക്ക്‌മെയില്‍ തുടര്‍ന്നതായി യുവതി പരാതിയില്‍ വിശദീകരിക്കുന്നു. പണം തിരികെ നല്‍കി അര മണിക്കൂറിന് ശേഷം അടുത്ത ബന്ധുവിന് യുവതിയുടെ മോര്‍ഫ് ചെയ്ത നഗ്നചിത്രങ്ങള്‍ വാട്‌സ്ആപ്പ് വഴി പരിചയമില്ലാത്ത നമ്പറില്‍ നിന്ന് ലഭിച്ചു. മിനിറ്റുകള്‍ക്ക് ശേഷം ഇതേ ചിത്രങ്ങള്‍ യുവതിയുടെ മറ്റ് രണ്ട് സുഹൃത്തുക്കള്‍ക്കും വാട്‌സ്ആപ്പ് മുഖാന്തരം ലഭിച്ചു. കൂടുതല്‍ പണം കൈക്കലാക്കാനാണ് തട്ടിപ്പ് സംഘത്തിന്‍റെ ശ്രമം എന്ന് മനസിലാക്കിയതോടെ 25 വയസുകാരിയായ യുവതിയും കുടുംബവും പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മുംബൈ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.