Fincat

ഐഎസ്എൽ നിർത്തിവെക്കൽ, ബ്ലാസ്‌റ്റേഴ്‌സ് ഉൾപ്പടെ ഏഴ് ക്ലബ്ബുകളുമായി ചർച്ച.


ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട ഫുട്‌ബോൾ ലീഗായ ഐഎസ്എൽ അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചിരുന്നു. എന്നാൽ ഇത് മൂലം പ്രതിസന്ധികൾ രൂക്ഷമാകുകയാണ്. നടത്തിപ്പുകാരായ ഫുട്ബാൾ സ്‌പോർട്സ് ഡെവലപ്‌മെന്റ് ലിമിറ്റഡും (എഫ്.എസ്.ഡി.എൽ) അഖിലേന്ത്യ ഫുട്ബാൾ ഫെഡറേഷനും തമ്മിലെ സംപ്രേഷണ തർക്കം പരിഹരിക്കപ്പെടാത്ത സാഹചര്യത്തിൽ 2025-26 സീസൺ അനിശ്ചിതമായി നീട്ടുകയായിരുന്നു. ഇതുസംബന്ധിച്ച് ക്ലബുകളെയും ഫുട്ബാൾ ഫെഡറേഷനെയും എഫ്.എസ്.ഡി.എൽ രേഖാമൂലം അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ കളിക്കാർക്കും ജീവനക്കാർക്കും വേതനം നൽകുന്നത് ബെംഗളൂരു എഫ്‌സി ഉൾപ്പെടയുള്ള ചില ക്ലബ്ബുകൾ അനിശ്ചിതമായി നിർത്തിവച്ചു. ഇതിഹാസ താരം സുനിൽ ഛേത്രി ഉൾപ്പെടെയുള്ള കളിക്കാർ, കോച്ചുമാർ ഉൾപ്പെടെയുള്ള ജീവനക്കാരുടെയും വേതനം തടഞ്ഞിട്ടുണ്ട്. ശമ്പളം ‘അനിശ്ചിതമായി നിർത്തിവച്ചു’ എന്ന് വ്യക്തമാക്കി ബെംഗളൂരു എഫ്സി പ്രസ്താവന പുറത്തിറക്കിയിരുന്നു.

താരങ്ങളുമായുള്ള കരാർ പാലിക്കാതിരിക്കുന്നത് പ്രതിസന്ധി സൃഷ്ടിക്കും. റിലയൻസ് സ്റ്റാർ ഗ്രൂപ്പിന്റെ കീഴിലുള്ളതാണ് എഫ്എസ്ഡിഎൽ. മാസ്റ്റർ റൈറ്റ്സ് കരാർ (എംആർഎ) പുതുക്കുന്നതിൽ തീരുമാനം ഉണ്ടാവാതെ വന്നതോടെ 2025-26 ഐഎസ്എല്ലുമായി മുന്നോട്ടുപോകാൻ കഴിയില്ലെന്ന് ജൂലൈ 11 ന് എഫ്എസ്ഡിഎൽ ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.

പ്രതിസന്ധി ചർച്ച ചെയ്യാൻ 2025 ഓഗസ്റ്റ് 7 വ്യാഴാഴ്ച എഐഎഫ്എഫ് യോഗം വിളിച്ചിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ എട്ട് ക്ലബ്ബുകളുടെയും സിഇഒമാരുമായി കൂടിക്കാഴ്ച നടത്തും. ന്യൂഡൽഹിയിലാണ് ചർച്ചയെന്ന് എഐഎഫ്എഫ് ട്വീറ്റ് ചെയ്തു.