കറുകച്ചാല്‍: കോട്ടയം കറുകച്ചാലില്‍ കെഎസ്‌ആർടിസി ബസ് മനഃപൂർവ്വം സ്വകാര്യ ബസിലേക്ക് ഇടിച്ചുകയറ്റി. മത്സരയോട്ടത്തിന്റെ തുടച്ചയായാണ് സ്റ്റോപ്പില്‍ നിർത്തി ആളുകളെ കയറ്റുകയായിരുന്ന സ്വകാര്യ ബസിലേക്ക് കെഎസ്‌ആർടി ബസ് ഇടിപ്പിച്ചത്.ബുധനാഴ്ച രാവിലെ 11 മണിയോടെ കറുകച്ചാല്‍ നെത്തല്ലൂർ കവലയില്‍ ആയിരുന്നു സംഭവം. സ്വകാര്യ ബസുമായി മത്സരിച്ച് എത്തിയ കെഎസ്‌ആർടിസി മുന്നിലേക്ക് എടുത്ത ശേഷം വശത്തേക്ക് അടുപ്പിച്ച് ബസില്‍ ഇടിക്കുകയായിരുന്നു. കോട്ടയം-കോഴഞ്ചേരി റൂട്ടില്‍ സർവീസ് നടത്തുന്ന കല്ലൂപറമ്ബില്‍ ബസ്സിലാണ് കെഎസ്‌ആർടിസി ഇടിപ്പിച്ചത്.
കെഎസ്‌ആർടിസി മനഃപൂർവ്വം ഉണ്ടാക്കിയ അപകടമാണെന്ന് തിരിച്ചറിഞ്ഞതോടെ നാട്ടുകാർ രണ്ടുബസുകളും തടയുകയും പ്രതിഷേധിക്കുകയുമായിരുന്നു. പിന്നാലെ പോലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചുവിടുകയായിരുന്നു. അപകടത്തില്‍ ആർക്കും പരിക്കില്ല.