Fincat

ദുബായിൽ ഡ്രൈവിങ് ലൈസൻസിനുള്ള ഫീസിൽ വർദ്ധനവുമായി ആർടിഎ

ലൈസന്‍സ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവര്‍ക്ക് പുതിയത് ലഭിക്കാന്‍ 3,000 ദിര്‍ഹം അധികം നല്‍കണം.

ദുബായില്‍ പുതിയ ഡ്രൈവിങ് ലൈസന്‍സ് എടുക്കുന്നതിനുള്ള ഫീസ് വര്‍ദ്ധിപ്പിച്ച് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. 810 ദിര്‍ഹമായാണ് ആര്‍ടിഎ ഫീസ് പുതുക്കി നിശ്ചയിച്ചത്. ലൈസന്‍സ് റദ്ദാക്കുകയോ പിടിച്ചെടുക്കുകയോ ചെയ്തവര്‍ക്ക് പുതിയത് ലഭിക്കാന്‍ 3,000 ദിര്‍ഹം അധികം നല്‍കണം.

ടൂ വീലര്‍, ഫോര്‍ വീലര്‍ എന്നിവയ്ക്ക് നൂറ് ദിര്‍ഹം ഹെവി വാഹനങ്ങള്‍ക്ക് 200 ദിര്‍ഹം എന്നിങ്ങനെയാണ് പെര്‍മിറ്റ് ഫീസ്. ട്രാഫിക് ഫയല്‍ തുറക്കാന്‍ ഡ്രൈവിങ് സ്‌കൂളുകള്‍ക്ക് നല്‍കുന്ന ഫീസിനു പുറമെ 200 ദിര്‍ഹം നല്‍കണം. മാര്‍​ഗനിര്‍ദ്ദേശങ്ങളടങ്ങിയ ഗൈഡിന് 50 ദിര്‍ഹവും ഈടാക്കും.

ആര്‍ടിഎ അംഗീകാരം നല്‍കിയ സെന്ററുകള്‍ വഴി നേത്രപരിശോധന പൂര്‍ത്തിയാക്കാന്‍ കുറഞ്ഞ നിരക്ക് 140 ദിര്‍ഹവും ഉയര്‍ന്ന നിരക്ക് 180 ദിര്‍ഹവുമാണ്. അതോടൊപ്പം ഇന്നവേഷന്‍ ആന്‍ഡ് നോളജ് എന്ന പേരില്‍ 20 ദിര്‍ഹവും നല്‍കണം. 21 വയസ്സ് തികയാത്തവര്‍ക്ക് ഡ്രൈവിങ് ലൈസന്‍സിനുള്ള ഫീസ് 100 ദിര്‍ഹവും 21 വയസിന് മുകളിലുള്ളവര്‍ക്ക് 300 ദിര്‍ഹവും നല്‍കണം. ഇതിനു പുറമെ, നിലവിലുള്ള ഓട്ടമാറ്റിക് ഗിയര്‍ ഡ്രൈവിങ് ലൈസന്‍സ് സാധാരണ ഗിയര്‍ ലൈസന്‍സാക്കി മാറ്റാന്‍ 220 ദിര്‍ഹം നല്‍കേണ്ടി വരും.