Fincat

കീച്ചേരിക്കടവ് പാലം അപകടം: 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ, കരാറുകാരനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി

ആലപ്പുഴ നിര്‍മാണത്തിലുള്ള പാലം തകർന്ന സംഭവത്തിൽ 3 പൊതുമരാമത്ത് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. അസി.എക്സിക്യൂട്ടീവ് എഞ്ചിനിയർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ, ഓവർസിയർ എന്നിവരെ സസ്പെൻഡ് ചെയ്തു. കരാറുകാരനെ കരിമ്പട്ടികയിൽപ്പെടുത്തുമെന്നും പൊതുമരാമത്ത് മന്ത്രി അറിയിച്ചു. പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തിൻ്റെ റിപ്പോർട്ടിനെ തുടർന്നാണ് നടപടി. സംഭവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് ഫേസ്ബുക്കിലൂടെയാണ് പ്രതികരണം നടത്തിയത്.

പൊതുമരാമത്ത് മന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:

ആലപ്പുഴ ജില്ലയിലെ കീച്ചേരിക്കടവ് പാലം നിർമാണത്തിനിടെ ഉണ്ടായ അപകടത്തെ കുറിച്ച് അന്വേഷിച്ച പൊതുമരാമത്ത് വിജിലന്‍സ് വിഭാഗത്തിന്‍റെ റിപ്പോര്‍ട്ട് പരിശോധിച്ചു.

സംഭവത്തില്‍ പാലം നിര്‍മ്മാണ കരാറുകാരനെ കരിമ്പട്ടികയില്‍ പെടുത്തുവാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

നിര്‍മ്മാണ ചുമതലയില്‍ ഉണ്ടായിരുന്ന പൊതുമരാമത്ത് പാലങ്ങള്‍ വിഭാഗം അസിസ്റ്റന്‍റ് എക്സിക്യൂട്ടിവ് എഞ്ചിനിയര്‍, അസിസ്റ്റന്‍റ് എഞ്ചിനിയര്‍‌, ഓവര്‍സിയര്‍ എന്നിവരെ സസ്പെന്‍ഡ് ചെയ്യുവാനും പൊതുമരാമത്ത് വകുപ്പ് സെക്രട്ടറിക്ക് നിര്‍ദ്ദേശം​ നല്‍കി .- പി എ മുഹമ്മദ് റിയാസ്

അസി. എക്സിക്യൂട്ടീവ് എഞ്ചിനീയർ- ടെസ്സി തോമസ്, അസി. എഞ്ചിനീയർ- ശ്രീജിത് എസ്, ഓവർസീർ- യതിൻ കുമാർ വൈ, കരാറുകാരൻ- ഇബ്രാഹിം കുട്ടി, വലിയത്ത് എന്നിവർക്കെതിരെയാണ് നടപടി. ചെട്ടിക്കുളങ്ങരയിൽ പാലം തകർന്ന് 2 പേർ മരിച്ചിരുന്നു.