കോഴിക്കോട്: തീവണ്ടിയില്‍ മോഷ്ടാവിന്റെ ബാഗ് കവർച്ച പ്രതിരോധിച്ച് 64-കാരി. രക്ഷയില്ലാതെ വന്നതോടെ ഇവരെ മോഷ്ടാവ് തീവണ്ടിയുടെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിടുകയായിരുന്നു.ചണ്ഡീഗഢ്-കൊച്ചുവേളി കേരള സമ്ബർക്ക് ക്രാന്തി എക്സ്പ്രസിലെ എസ്-1 സ്ളീപ്പർകോച്ചില്‍ യാത്രചെയ്ത തൃശ്ശൂർ തലോർ സ്വദേശിനി വൈക്കാടൻവീട്ടില്‍ അമ്മിണി ജോസ് (64) ആണ് ആക്രമണത്തിനിരയായത്.
എസ്-1 കോച്ചിന്റെ വാതിലിനോടുചേർന്ന സൈഡ് സീറ്റുകളിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്. കോഴിക്കോട്ട് തീവണ്ടി നിർത്തിയപ്പോള്‍ ഒപ്പമുണ്ടായിരുന്ന സഹോദരൻ വർഗീസ് ബാത്ത്റൂമിലേക്ക് പോയി. തീവണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ അമ്മിണി എഴുന്നേറ്റുനിന്ന് സാരി ശരിയാക്കുന്നതിനിടെ സീറ്റിലുണ്ടായിരുന്ന ബാഗെടുത്ത് മോഷ്ടാവ് ഓടാൻശ്രമിച്ചു. ഉടൻതന്നെ അമ്മിണി ബാഗില്‍ പിടിക്കുകയും പിടിവിടാതെ മോഷ്ടാവിനെ പ്രതിരോധിക്കുകയും ചെയ്തു. ഇതിനിടെ ബാഗ് ബലമായി തട്ടിയെടുത്ത മോഷ്ടാവ് അമ്മിണിയെ വാതിലിലൂടെ പുറത്തേക്ക് തള്ളിയിട്ടു.
ഇവർ വീണതിനുപിന്നാലെ മോഷ്ടാവും ചാടി. സംഭവസമയത്ത് കോച്ചിലെ മറ്റുയാത്രക്കാർ ഉറക്കമായിരുന്നു. ശബ്ദംകേട്ട് ബാത്ത്റൂമില്‍നിന്ന് പുറത്തേക്കുവന്ന സഹോദരൻ വർഗീസ് ടിടിഇയുടെ സഹായത്തോടെ ചെയിൻവലിച്ച് തീവണ്ടി നിർത്തി. ചാടിയിറങ്ങിയ വർഗീസ് തീവണ്ടിവന്ന വഴി ഓടി. ഒപ്പം ചില യാത്രക്കാരും. തലപൊട്ടി ചോരയൊലിച്ചുനിന്ന അമ്മിണിയെ തിരിച്ചുകയറ്റി യാത്ര തുടർന്നു. തിരൂരില്‍ ഇറക്കിയ അമ്മിണിക്കൊപ്പം സഹോദരൻ വർഗീസും സഹയാത്രികൻ താനൂർ സ്വദേശി മുഹമ്മദ് ജനീഫും റെയില്‍വേ പോലീസും ഒപ്പമിറങ്ങി. അമ്മിണിയെ ആംബുലൻസില്‍ ആദ്യം തിരൂരിലെ ഒരു ആശുപത്രിയിലെത്തിച്ചു. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി, തലയിലെ മുറിവിന് തുന്നലിട്ടു. ബന്ധുക്കളെത്തി വൈകീട്ടോടെ ഇവരെ തൃശ്ശൂരിലേക്ക് കൊണ്ടുപോയി.
മുംബൈയില്‍ സഹോദരന്റെ വീട്ടില്‍ മരണാനന്തരച്ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുകയായിരുന്നു അമ്മിണിയും വർഗീസും. ഉത്തരേന്ത്യക്കാരനെന്ന് സംശയിക്കുന്ന ഒരാളാണ് മോഷണശ്രമം നടത്തിയതെന്ന് അമ്മിണി പോലീസില്‍ മൊഴിനല്‍കി.
തലനാരിഴയ്ക്കാണ് അമ്മിണി രക്ഷപ്പെട്ടത്. തീവണ്ടിയ്ക്ക് വേഗം തീരേകുറവായതും ഇവർ വീണ സ്ഥലത്ത് വലിയ അപകടങ്ങളുണ്ടാക്കാവുന്ന വസ്തുക്കള്‍ ഇല്ലാതിരുന്നതും രക്ഷയായി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ സ്കാനിങ്ങിലും ആന്തരികമായി മറ്റു പ്രശ്നങ്ങള്‍ കണ്ടില്ലെന്ന് ഡോക്ടർ പറഞ്ഞു.
അമ്മിണി തീവണ്ടിയില്‍നിന്ന് വീണ് നിമിഷങ്ങള്‍ക്കുള്ളില്‍ തൊട്ടടുത്ത ട്രാക്കിലൂടെ അന്ത്യോദയ എക്സ്പ്രസ് കടന്നുപോയി. വീണതിന്റെ ഒരു മീറ്റർ അകലെ ഇരുമ്ബുപോസ്റ്റും സിഗ്നല്‍കമ്ബികളും ഉണ്ട്. ഇതിലൊന്നുംതട്ടാതെ അദ്ഭുതകരമായ രക്ഷപ്പെടലാണുണ്ടായത്.
നിർണായക തെളിവ് ലഭിച്ചു
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിലെ സ്ളീപ്പർ കോച്ചില്‍നിന്ന് 64-കാരിയെ തള്ളിയിട്ട് പണമടങ്ങിയ ബാഗ് കവർന്ന സംഭവത്തില്‍ പ്രതിയെ സംബന്ധിക്കുന്ന നിർണായക തെളിവ് ലഭിച്ചു. ഈ തെളിവിന്റെ അടിസ്ഥാനത്തില്‍ പ്രതിക്കായുള്ള തിരച്ചില്‍ പോലീസ് ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് റെയില്‍വേ പോലീസ് സൂപ്രണ്ട് അരുള്‍ ആർ.ബി. കൃഷ്ണയുടെയും പാലക്കാട് റെയില്‍വേ ഡിവിഷൻ സെക്യൂരിറ്റി കമ്മിഷണർ നവീൻ പ്രശാന്തിന്റെയും മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണസംഘം രൂപവത്കരിച്ചു.
കോഴിക്കോട് റെയില്‍വേ ഇൻസ്പെക്ടർ സുഭാഷ് ചന്ദ്രൻ, എസ്‌ഐ പി.കെ. ബഷീർ, ആർപിഎഫ് കോഴിക്കോട് ഇൻസ്പെക്ടർ കേശവദാസ്, ആർപിഎഫ് ഷൊർണൂർ ഇൻസ്പെക്ടർ പി.വി. രാജു എന്നിവരടങ്ങുന്ന 17 അംഗ സംഘമാണ് അന്വേഷണം നടത്തുക. സംഭവസ്ഥലത്ത് നടത്തിയ തെളിവെടുപ്പില്‍നിന്നാണ് പ്രതിയിലേക്കുള്ള സൂചന നല്‍കുന്ന നിർണായകതെളിവ് ലഭിച്ചത്.
കവർച്ച നടത്തിയതിനും കവർച്ചയ്ക്കിടെ പരിക്കേല്‍പ്പിച്ചതിനുമുള്ള കുറ്റം ചുമത്തി റെയില്‍വേ പോലീസ് കേസെടുത്തു.