ന്യൂഡല്‍ഹി: പുതുക്കിയ ആദായ നികുതി ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ. പ്രതിപക്ഷത്തിന്റെ അഭാവത്തിലാണ് പുതുക്കിയ ബില്‍ സഭയില്‍ അവതരിപ്പിച്ചത്.സെലക്‌ട് കമ്മിറ്റിയുടെ അംഗീകാരം ലഭിച്ച പരിഷ്കരിച്ച പുതിയ ആദായനികുതി ബില്ലാണ് സഭയില്‍ അവതരിപ്പിച്ചത്.
ആദായനികുതി (നമ്ബർ 2) ബില്‍, 2025, ആദായനികുതിയുമായി ബന്ധപ്പെട്ട നിയമം ക്രോഡീകരിക്കാനും ഭേദഗതി ചെയ്യാനും ലക്ഷ്യമിടുന്നുവെന്നും ഇത് നിലവിലെ നിയമത്തിന് പകരമാകുമെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് നിർമ്മല സീതാരാമൻ പറഞ്ഞു.
ഫെബ്രുവരി 13ന് അവതരിപ്പിച്ച ആദായനികുതി ബില്‍-2025 കഴിഞ്ഞയാഴ്ച ലോക്സഭയില്‍ നിന്ന് പിൻവലിച്ചിരുന്നു. ബില്‍ പിൻവലിച്ചതിന് പിന്നാലെ, സെലക്‌ട് കമ്മിറ്റി നിർദ്ദേശിച്ച മാറ്റങ്ങള്‍ ഉള്‍ക്കൊള്ളുന്ന പുതുക്കിയ ബില്‍ പുറത്തിറക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിരുന്നു. ബിജെപി അംഗം ബൈജയന്ത് പാണ്ഡ അധ്യക്ഷനായ ലോക്സഭാ സെലക്‌ട് കമ്മിറ്റി മുന്നോട്ടുവെച്ച 285 നിർദ്ദേശങ്ങളില്‍ ഏതാണ്ട് എല്ലാ ശുപാർശകളും ഉള്‍പ്പെടുന്നതാണ് പുതിയ ബില്ലെന്നാണ് വിവരം.