Fincat

കോഴിക്കോട് കോര്‍പറേഷൻ വോട്ടര്‍പട്ടികയില്‍ വ്യാപക ക്രമക്കേടുകള്‍, പിന്നില്‍ സിപിഎം- കോണ്‍ഗ്രസ്


കോഴിക്കോട്: കോർപറേഷൻ പരിധിയിലെ വോട്ടർപട്ടികയിലും വ്യാപക ക്രമക്കേടുകളെന്ന ആരോപണവുമായി കോണ്‍ഗ്രസ്. കോർപ്പറേഷൻ പ്രതിപക്ഷ നേതാവ് കെ.സി.ശോഭിതയാണ് ആരോപണവുമായി രംഗത്തെത്തിയത്. കോണ്‍ഗ്രസ് നടത്തിയ പരിശോധനയില്‍ 1300ലധികം ഇരട്ടവോട്ടുകള്‍ കണ്ടെത്തിയെന്നും റസിഡൻഷ്യല്‍ നമ്ബർ പൂജ്യമായി രേഖപ്പെടുത്തിയ ഒമ്ബത് വോട്ടുകളും 62മത്തെ വാർഡില്‍ ഓരേ വീട്ടില്‍ 70 വോട്ടുകള്‍ ഉണ്ടെന്നും കെ.സി. ശോഭിത ആരോപിച്ചു.

ഒരേ വീട്ടില്‍ തന്നെ എല്ലാ മത വിഭാഗത്തില്‍ ഉള്ളവർക്കും വോട്ടുകള്‍ ചേർത്തിട്ടുണ്ട്. ഇവർ പല വീടുകളില്‍ താമസിക്കുന്നവരാണെന്നും ശോഭിത പറഞ്ഞു. ഒരു വ്യക്തിയ്ക്ക് രണ്ട് വോട്ടർ ഐഡികളില്‍ വോട്ടുള്ളതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതുകൂടാതെ ബേപ്പൂരില്‍ 1500ലധികം വോട്ടുകളുടെ ക്രമക്കേട് ഉണ്ടെന്നും ശോഭിത പറഞ്ഞു. മരിച്ചവരും താമസം മാറിപ്പോയവരും പട്ടികയില്‍ ഇടംപിടിച്ചപ്പോള്‍ ജീവിക്കുന്നവരില്‍ വോട്ട് ഇല്ലാത്തവരുണ്ടെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഒരേ വ്യക്തി ഓരേ വാർഡില്‍ വിവിധ ബൂത്തുകളിലും വിവിധ വാർഡുകളിലും വോട്ട് ചേർത്തിട്ടുണ്ട്. ചിലവാർഡുകളില്‍ 50 ശതമാനത്തില്‍ അധികം വോട്ടർമാരുടെ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. മുഖദാർ വാർഡില്‍ മാത്രം 12000ലധികം വോട്ടർമാരുണ്ട്. സിപിഎമ്മാണ് ക്രമക്കേടിന് പിന്നിലെന്നും ക്രമക്കേട് ചൂണ്ടിക്കാട്ടി റിട്ടേണിങ് ഓഫീസർക്ക് പരാതി നല്‍കുമെന്നും കെ.സി. ശോഭിത അറിയിച്ചു.