Fincat

ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീം പ്രഖ്യാപനം ഈ ആഴ്ച, വൈസ് ക്യാപ്റ്റനായി ശുഭ്മാന്‍ ഗില്‍ തിരിച്ചെത്തിയേക്കും


മുംബൈ: 
ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം ഈ ആഴ്ച ഉണ്ടാകുമെന്ന് റിപ്പോർട്ടുകൾ. ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമില്‍ ആരൊക്കെ ഉൾപ്പെടുമെന്ന ആകാംക്ഷയിലാണ് ആരാധകർ. മുംബൈയിൽ ചീഫ് സെലക്ടര്‍ അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റി ഈ ആഴ്ച യോഗം ചേരുമെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം 19നോ 20നോ ടീം പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചന. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ കായികക്ഷമത തെളിയിക്കാനെത്തിയ താരങ്ങളുടെ ഫിറ്റ്നെസ് റിപ്പോര്‍ട്ട് കൂടി ലഭിച്ചശേഷമാകും ടീം പ്ര്യഖ്യാപനം. സൂര്യകുമാർ യാദവ് നയിക്കുന്ന ടീമിന്‍റെ വൈസ് ക്യാപ്റ്റനായി ശുഭ്മൻ ഗില്ലിനെ നിയമിച്ചേക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഇംഗ്ലണ്ടിൽ ടെസ്റ്റ് ക്യാപ്റ്റനായി കഴിവു തെളിയിച്ച ഗിൽ ടീമിലെത്തുമ്പോൾ അക്സർ പട്ടേലിന് വൈസ് ക്യാപ്റ്റൻ പദവി നഷ്ടമാകും. കഴിഞ്ഞ വര്‍ഷം ശ്രീലങ്കക്കെതിരായ ടി20 പരമ്പരയില്‍ സൂര്യകുമാര്‍ ക്യാപ്റ്റനായി അരങ്ങേറ്റിയ പരമ്പരയിലാണ് ഗില്‍ അവസാനമായി ഇന്ത്യൻ ടി20 ടീമില്‍ കളിച്ചത്. അന്ന് സൂര്യകുമാറിന് കീഴില്‍ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. ഗില്‍ തിരിച്ചെത്തിയാല്‍ ഓപ്പണറായി ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അങ്ങനെ വന്നാല്‍ ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യക്കായി ഓപ്പണ്‍ ചെയ്ത അഭിഷേക് ശര്‍മ-സഞ്ജു സാംസണ്‍ ഓപ്പണിംഗ് സഖ്യം മാറും.

ഓപ്പണിംഗ് സ്ഥാനത്തു നിന്ന് മാറിയാല്‍ സഞ്ജുവിനെ ടോപ് ഫോറില്‍ കളിപ്പിക്കുമോ എന്നും ആരാധകര്‍ ആകാംക്ഷയോടെ ഉറ്റുനോക്കുന്നു. ടെസ്റ്റ് ഓപ്പണര്‍ യശസ്വി ജയ്സ്വാള്‍, കെ എല്‍ രാഹുല്‍ എന്നിവരെ ഏഷ്യാ കപ്പ് ടി20 ടീമിലേക്ക് പരിഗണിക്കില്ലെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ കളിക്കാതിരുന്ന പേസര്‍ ജസ്പ്രീത് ബുമ്ര ഏഷ്യാ കപ്പിൽ തിരിച്ചെത്തുമെന്നാണ് സൂചന. ഓപ്പണറായി ഇറങ്ങിയില്ലെങ്കിലും ടീമിലെ ഒന്നാം വിക്കറ്റ് കീപ്പറായി സഞ്ജു തന്നെയായിരിക്കും ടീമിലെത്തുക. ജിതേഷ് ശർമ്മ, ധ്രുവ് ജുറൽ എന്നിവരിൽ ഒരാളെ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിച്ചേക്കും.