Fincat

വാഹന പരിശോധനയ്ക്കിടെ പിടിച്ച യുവാക്കളെ പോലീസ് ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി, ഒരാള്‍ വെന്റിലേറ്ററില്‍


തിരുവനന്തപുരം: വാഹന പരിശോധനയില്‍ പിടിച്ച യുവാക്കളെ പോലീസ് ക്രൂരമായി മർദ്ദിച്ചതായി പരാതി. ഗുരുതരമായി പരിക്കേറ്റ ഒരു യുവാവ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്ററിലാണ്.തിരുവനന്തപുരം ഫോർട്ട് പോലീസിനെതിരെയാണ് ആക്ഷേപം.

വിശാഖ് (26) ദിപിൻ (31) എന്നിവർക്കാണ് പരിക്കേറ്റത്. ദിപിന്റെ കൈയ്ക്ക് പൊട്ടലുണ്ട്, പക്ഷേ പുറത്ത് മുറിവില്ല. വിശാഖിന്റെ വാരിയെല്ലിന് പൊട്ടലുണ്ട്. പക്ഷേ പുറത്ത് മുറിവില്ല. ആറാം തീയതി പുലർച്ചയാണ് സംഭവം നടന്നത്.

വാഹന പരിശോധനയ്ക്കിടെ പോലീസ് കൈ കാണിച്ചപ്പോള്‍ യുവാക്കള്‍ നിർത്താതെ പോയി. തുടർന്ന് പോലീസ് ഇവരുടെ ബൈക്ക് എന്തോ വസ്തു ഉപയോഗിച്ച്‌ എറിഞ്ഞ് വീഴ്ത്തുകയും യുവാക്കളെ ക്രൂരമായി മർദിക്കുകയുമായിരുന്നുവെന്നാണ് ദിപിന്റെ ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. ഇരുവരും മദ്യപിച്ചതിനാലാണ് വാഹനം നിർത്താതെ പോയതെന്നും പോലീസുമായി വാക്കേറ്റം ഉണ്ടായതായി പറയുന്നു. യുവാക്കളെ ക്രൂരമായി മർദിച്ച ശേഷം വാഹനാപകടമെന്ന് പറഞ്ഞ് പോലീസ് തന്നെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

വിശാഖിന് ബോധം വന്നപ്പോഴാണ് ഇത് അപകടമല്ല എന്ന് ബന്ധുക്കള്‍ അറിയുന്നത്. ഈഞ്ചയ്ക്കലിനും മുട്ടത്തറയ്ക്കും ഇടയ്ക്ക് സർവ്വീസ് റോഡിലാണ് സംഭവം നടന്നത്. ബൈക്ക് ഇടതു വശത്തേയ്ക്ക് വീണ നിലയിലും ഇവരുടെ പരിക്ക് വലതുഭാഗത്താണെന്നും സിറ്റി പോലീസ് കമ്മിഷണർക്കും മറ്റും നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ യുവാക്കളെ മർദിച്ചിട്ടില്ലെന്ന വിശദീകരണവുമായി ഫോർട്ട് പോലീസ് രംഗത്തെത്തി.