കേര വെളിച്ചെണ്ണയുടെ വില ലിറ്ററിന് 50 രൂപ കുറച്ചു
തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ ബ്രാൻഡായ ‘കേര’ വെളിച്ചെണ്ണ വിലയില്‍ വൻ കുറവ് പ്രഖ്യാപിച്ചു. ഒരു ലിറ്റർ പാക്കറ്റിന്റെ വില നിലവിലെ 529 രൂപയില്‍ നിന്ന് 479 ലേക്കും അര ലിറ്റർ പാക്കറ്റിന്റെ വില 265 രൂപയില്‍നിന്ന് 240 രൂപയിലേക്കും കുറവ് വരുത്തിയതായി അധികൃതർ അറിയിച്ചു.രാജ്യത്താകെ വെളിച്ചെണ്ണയുടെ വില ചരിത്രത്തിലെ ഉയർന്ന നിരക്കില്‍ എത്തിയിരുന്നു. പൊതുവിപണിയില്‍ വെളിച്ചെണ്ണ വില ഉയരുന്ന സാഹചര്യത്തില്‍ സിവില്‍ സപ്ലൈസ് മന്ത്രിയുടേയും കൃഷിവകുപ്പ് മന്ത്രിയുടേയും അധ്യക്ഷതയില്‍ ഉന്നതതലയോഗം കൂടുകയുണ്ടായി. ഈ യോഗത്തില്‍ പൊതുവിപണിയില്‍ വെളിച്ചെണ്ണയുടെ വില കുറയ്ക്കുവാനുള്ള സാധ്യതകള്‍ പരിശോധിക്കണമെന്ന് സിവില്‍ സപ്ലൈസ് മന്ത്രി കേരഫെഡിനോട് നിർദ്ദേശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കേരഫെഡ് ചെയർമാൻ, വൈസ് ചെയർമാൻ, മാനേജിങ് ഡയറക്ടർ എന്നിവരുടെ സാനിധ്യത്തില്‍ ഭരണസമിതി യോഗം വിളിച്ചു ചേർത്ത് വെളിച്ചെണ്ണയുടെ വില കുറയ്ക്കുന്നതിന് തീരുമാനമെടുത്തത്.
നാളികേരത്തിന്റെയും കൊപ്രയുടെയും വില ഏറ്റവും ഉയർന്ന നിരക്കില്‍ എത്തിയപ്പോഴാണ് കേരാഫെഡിന് വെളിച്ചെണ്ണയുടെ വില വർധിപ്പിക്കേണ്ട സാഹചര്യം ഉണ്ടായത്. കൊപ്രയുടെ വില കൂടിയ സാഹചര്യത്തിലും ഗുണനിലവാരത്തിലോ അളവിലോ യാതൊരു വിട്ടുവീഴ്ചയ്ക്കും ത യ്യാറാകാതെയാണ് കേരാഫെഡ് കേര വെളിച്ചെണ്ണ വിപണിയില്‍ എത്തിച്ചിരുന്നത്. വെളിച്ചെണ്ണയുടെ വിലയില്‍ ഇപ്പോള്‍ ഉണ്ടായ ഈ വലിയ കുറവ് ഓണവിപണിയില്‍ കേര വെളിച്ചെണ്ണയുടെ വില്‍പനയില്‍ വലിയ വർധനയും ഉപഭോക്താക്കള്‍ക്ക് വിലകുറവ് മൂലം ആശ്വാസവും ഉണ്ടാകുമെന്നു വിലയിരുത്തപ്പെടുന്നു.