Fincat

‘സ്വാതന്ത്ര്യദിനത്തില്‍ മാംസ വില്‍പ്പന പാടില്ല’; മഹാരാഷ്ട്രയിലെ തദ്ദേശ സ്ഥാപനങ്ങക്കെതിരെ പ്രതിപക്ഷം, ഉപമുഖ്യമന്ത്രിയും വിയോജിച്ചു

മഹാരാഷ്ട്രയിലെ ചില തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയില്‍ സ്വാതന്ത്ര്യദിനത്തില്‍ മാംസം നിരോധിച്ചു. സ്വാതന്ത്ര്യദിനത്തിൽ മാംസ വിൽപ്പന നിരോധിച്ചുകൊണ്ടുള്ള കല്യാൺ-ഡോംബിവ്‌ലി മുനിസിപ്പൽ കോർപ്പറേഷന്റെ (കെഡിഎംസി) ഉത്തരവാണ് വിവാദത്തിന് കാരണമായത്. പ്രതിപക്ഷമായ എൻസിപി (എസ്പി), ശിവസേന (യുബിടി) നേതാക്കൾ ഉത്തരവിനെതിരെ രംഗത്തെത്തി. ജനങ്ങളുടെ ഭക്ഷണ തിരഞ്ഞെടുപ്പുകൾക്ക് നേരെയുള്ള ആക്രമണമാണെന്ന് പ്രതിപക്ഷം ആരോപിച്ചു.

കെഡിഎംസി ഉത്തരവ് പ്രകാരം, ആട്, ചെമ്മരിയാട്, കോഴി, വലിയ മൃഗങ്ങൾ എന്നിവയുടെ എല്ലാ കശാപ്പും കടകളും ഓഗസ്റ്റ് 14 അർദ്ധരാത്രി മുതൽ ഓഗസ്റ്റ് 15 അർദ്ധരാത്രി വരെ 24 മണിക്കൂർ അടച്ചിടണമെന്ന് പറയുന്നു. ഈ കാലയളവിൽ ഏതെങ്കിലും മൃഗത്തെ കൊല്ലുകയോ മാംസം വിൽക്കുകയോ ചെയ്താൽ 1949 ലെ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷൻ ആക്ട് പ്രകാരം നടപടിയെടുക്കുമെന്ന് നഗരസഭ മുന്നറിയിപ്പ് നൽകി. പൊതു ക്രമസമാധാനം ഉറപ്പാക്കുന്നതിനും പ്രധാനപ്പെട്ട ദേശീയ ദിനങ്ങള്‍ പാലിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രമേയത്തിന്റെ ഭാഗമായി 1988 മുതൽ എല്ലാ വർഷവും ഉത്തരവ് പുറപ്പെടുവിക്കുന്നുണ്ടെന്ന് കെഡിഎംസി ഡെപ്യൂട്ടി കമ്മീഷണർ (ലൈസൻസ്) കാഞ്ചൻ ഗെയ്ക്വാദ് പറഞ്ഞു. മാലേഗാവ് മുനിസിപ്പൽ കോർപ്പറേഷനും സമാനമായ ഒരു ഉത്തരവ് പുറപ്പെടുവിച്ചു.

മട്ടണും കോഴിയിറച്ചിയും വിൽക്കുന്നതിന് നിരോധനമുണ്ടെങ്കിലും അത് കഴിക്കുന്നതിന് നിരോധനമില്ലെന്ന് അഡീഷണൽ കമ്മീഷണർ യോഗേഷ് ഗോഡ്‌സെ വ്യക്തമാക്കി. ഈ ഉത്തരവ് പുതിയതല്ലെന്നും റിപ്പബ്ലിക് ദിനത്തിലും ഇത് നടപ്പിലാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ഉത്തരവിനെതിരെ ഉപമുഖ്യമന്ത്രി അജിത് പവാറും രംഗത്തെത്തി. സ്വാതന്ത്ര്യദിനത്തിൽ കശാപ്പുശാലകളും മാംസക്കടകളും അടച്ചിടുന്നത് തെറ്റാണെന്ന് എൻസിപി മേധാവി അജിത് പവാർ പറഞ്ഞു. ആഷാഢി ഏകാദശി, മഹാശിവരാത്രി, മഹാവീർ ജയന്തി തുടങ്ങിയ വിശ്വാസവുമായി ബന്ധപ്പെട്ട ഉത്സവങ്ങളിൽ ഇത്തരം നിയന്ത്രണങ്ങൾ സാധാരണയായി നടപ്പാക്കാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ജനങ്ങൾ സസ്യാഹാരവും മാംസാഹാരവും കഴിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ പവാർ, പ്രധാന നഗരങ്ങളിൽ വ്യത്യസ്ത ജാതികളിലും മതങ്ങളിലും പെട്ട ആളുകൾ താമസിക്കുന്നുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

മാംസ നിരോധന ഉത്തരവിനെതിരെ രംഗത്തെത്തിയ ശിവസേന (യുബിടി) എംഎൽഎ ആദിത്യ താക്കറെ ചൊവ്വാഴ്ച കമ്മീഷണറുടെ രാജി ആവശ്യപ്പെട്ടു. നവരാത്രിയിൽ പോലും തന്റെ വീട്ടിൽ പ്രസാദമായി ചെമ്മീനും മത്സ്യവും ഉണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വാതന്ത്ര്യദിനത്തിൽ ജനങ്ങൾ എന്ത് കഴിക്കണമെന്ന് സർക്കാരിന് പറയാൻ കഴിയില്ലെന്നും അത് അവരുടെ അവകാശവും സ്വാതന്ത്ര്യവുമാണെന്നും ആദിത്യ താക്കറെ പറഞ്ഞു. ഞങ്ങൾ തീർച്ചയായും നോൺ-വെജ് കഴിക്കും. ഞങ്ങൾ അത് വീട്ടിൽ തന്നെ കഴിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.