Fincat

വിരമിക്കല്‍ വാര്‍ത്തകള്‍ കാറ്റില്‍ പറത്തി രോഹിത്; ഫിറ്റ്‌നെസ് വീണ്ടെടുക്കാന്‍ ജിമ്മില്‍ വ്യായാമം തുടങ്ങി താരം

മുംബൈ: വിരമിക്കല്‍ വാര്‍ത്തകള്‍ അന്തരീക്ഷത്തില്‍ നില്‍ക്കെ ഇന്ത്യയുടെ ഏകദിന ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ രോഹിത് ശര്‍മ ജിമ്മില്‍ വ്യായാമം ആരംഭിച്ചു. മുന്‍ ഇന്ത്യന്‍ ബാറ്റിംഗ് പരിശീലകന്‍ അഭിഷേക് നായരോടൊപ്പം ജിമ്മില്‍ നില്‍ക്കുന്ന ഒരു ഫോട്ടോ അദ്ദേഹം പങ്കുവെച്ചു. ചെറിയ ഇടവേളയ്ക്ക് ശേഷം, ഒക്ടോബറില്‍ ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന മത്സരങ്ങള്‍ക്ക് മുമ്പ് ഫിറ്റ്നസ് വീണ്ടെടുക്കാനാണ് രോഹിത്തിന്റെ ശ്രമം. 38 കാരനായ അദ്ദേഹം ഇംഗ്ലണ്ട് പര്യടനത്തിന് മുമ്പ് ടെസ്റ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2024 ടി20 ലോകകപ്പ് നേടിയ ശേഷം ആ ഫോര്‍മാറ്റും അദ്ദേഹം മതിയാക്കിയിരുന്നു. ഇപ്പോള്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് അദ്ദേഹം തുടരുന്നത്.

എന്നാല്‍ ഏകദിനത്തില്‍ നിന്നും അദ്ദേഹം വിരമിക്കുമെന്നുള്ള വാര്‍ത്തകള്‍ പരക്കുന്നുണ്ട്. വരാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനം രോഹിത്തും വിരാട് കോലിയും കളിക്കുന്ന അവസാന ഏകദിന പരമ്പര ആയിരിക്കുമെന്നാണ് വാര്‍ത്തകള്‍. എങ്കിലും ഇത്തരം വാര്‍ത്തകള്‍ ബിസിസിഐ ഉദ്യോഗസ്ഥര്‍ തള്ളിയിരുന്നു. ഇരുവരുടേയും കാര്യത്തില്‍ പെട്ടന്ന് തീരുമാനമെടുക്കില്ലെന്നാണ് ബിസിസിഐ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്. ഇതിനിടെയാണ് രോഹിത് ഫിറ്റ്‌നെസ് വീണ്ടെടുക്കാനുള്ള ശ്രമം ആരംഭിച്ചത്.

അതേസമയം, ഏകദിന നായക സ്ഥാനത്ത് നിന്ന് അദ്ദേഹം ഔദ്യോഗികമായി സ്ഥാനമൊഴിഞ്ഞിട്ടില്ല. ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലിന്, ഏകദിന ടീമിന്റേയം ചുമതല നല്‍കുമെന്ന് വാര്‍ത്തകളുണ്ട്. ചാമ്പ്യന്‍സ് ട്രോഫിയിലായിരുന്നു അദ്ദേഹം അവസാനമായി ഇന്ത്യയ്ക്കായി കളിച്ചത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍ ഇന്ത്യയെ വിജയത്തിലേക്ക് നയിക്കാന്‍ രോഹിത്തിന് സാധിച്ചിരുന്നു. ഐപിഎല്‍ പൂര്‍ത്തിയായതിന് ശേഷം കുടുംബത്തോടൊപ്പം യുകെയില്‍ ഒരു ഇടവേള എടുത്ത രോഹിത്, ഓവലില്‍ ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് കാണാനുണ്ടായിരുന്നു.

ഇതിനിടെ കോലിയും രോഹിത്തും ഏകദിനങ്ങളില്‍ നിന്ന് വിരമിച്ചേക്കുമെന്ന പ്രചാരണം മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമൊക്കെ ആയിരുന്ന സൗരവ് ഗാംഗുലി തള്ളി. അത്തരമൊരു തീരുമാനത്തെക്കുറിച്ച് തനിക്ക് യാതൊരു വിവരവുമില്ലെന്നും പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം അവര്‍ കളിക്കുന്നതെന്ന് തീരുമാനിക്കേണ്ടതെന്നും ഗാംഗുലി.

ഗാംഗുലി പറഞ്ഞതിങ്ങനെ… ”എനിക്ക് ഈ വാര്‍ത്തകളെ കുറിച്ച് കൂടുതലൊന്നും അറിയില്ല. അതുകൊണ്ടുതന്നെ അഭിപ്രായം പറയാനും കഴിയില്ല. പറയാന്‍ പ്രയാസമാണ്. നന്നായി കളിക്കുന്നുണ്ടെങ്കില്‍ അവര്‍ ഏകദിനങ്ങളില്‍ തുടരണം. കോലിയുടെ ഏകദിന റെക്കോര്‍ഡ് അസാധാരണമാണ്, രോഹിത് ശര്‍മ്മ വിഭിന്നമല്ല. വൈറ്റ്-ബോള്‍ ക്രിക്കറ്റില്‍ ഇരുവരും അസാധാരണ പ്രകടനം പുറത്തെടുത്തവരാണ്.” ഗാംഗുലി വ്യക്തമാക്കി.