Fincat

മൊബൈലിൽ സംസാരിക്കുന്നുണ്ടോയെന്ന് സംശയം; കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി

 

തിരുവനന്തപുരം കല്ലിയൂരിൽ ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു. വെളളനാട് സ്വദേശി ബിൻസിയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് സുനിൽ അറസ്റ്റിലായി. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് കൊലപാതകമെന്നാണ് നിഗമനം. രാവിലെ പതിനൊന്നോടെ കല്ലിയൂർ കുരുവിക്കാട്ടുവിളയിലാണ് സംഭവം. വീട്ടിൽ രക്തത്തിൽ കുളിച്ച നിലയിലാണ് ബിൻസിയെ കണ്ടത്. കഴുത്തിൽ വെട്ടേറ്റിരുന്നു.

ശാന്തിവിള താലൂക്ക് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. ഭർത്താവ് സുനിലിനെ ആശുപത്രിയിൽ നിന്ന് നേമം പൊലീസ് കസ്റ്റഡിയിലെടുത്തു. കല്ലിയൂരിൽ ഹരിതകർമസേനാംഗമായിരുന്നു ബിൻസി. പതിമൂന്ന് വർഷമായി ഇവിടെയാണ് താമസം. ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്. ഇടയ്ക്കിടെ ഇരുവരും തമ്മിൽ വഴക്കുണ്ടാകാറുണ്ടെന്ന് സുഹൃത്തുക്കൾ പറയുന്നു.

കഴിഞ്ഞ ദിവസം സുനിൽ വീട്ടിലേക്ക് എത്തുന്ന സമയത്ത് ഭാര്യ ആരോടോ ഫോണിൽ സംസാരിക്കുന്നുവെന്ന് സംശയം തോന്നി. തുടർന്നാണ് ഇയാൾ ഭാര്യയെ ആക്രമിച്ചത്. രാവിലെ ബിൻസിയെ കാണാത്തതിനെ തുടർന്ന് അന്വേഷിച്ചെത്തിയവരാണ് ബിൻസിയെ വെട്ടേറ്റ് രക്തത്തിൽ കുളിച്ച നിലയിൽ കണ്ടത്. ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.