Fincat

മാസ്ക് ധരിച്ച് സ്കൂട്ടറിലെത്തി തട്ടിപ്പ്, എട്ട് വ്യാജ ലോട്ടറി ടിക്കറ്റുകൾ നല്‍കി പണം തട്ടി; പൊലീസില്‍ പരാതി

വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകി ലോട്ടറി വിൽപനക്കാരനെ പറ്റിച്ച് 3600 രൂപയുടെ ലോട്ടറികളും പണവും തട്ടിയെടുത്തതായി പരാതി. സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകളിലുള്ള 8 വ്യാജ ലോട്ടറി ടിക്കറ്റുകൾ നൽകിയായിരുന്നു തട്ടിപ്പ്. ഷൊർണൂരിൽ താമസിക്കുന്ന എ കെ വിനോദ്കുമാർ ആണ് തട്ടിപ്പിന് ഇരയായത്. മാസ്ക് ധരിച്ച് സ്കൂട്ടറിൽ എത്തിയയാൾ കയ്യിലുണ്ടായിരുന്ന ഭാഗ്യതാര ടിക്കറ്റുകൾക്ക് സമ്മാനം ഉണ്ടെന്നും പണം നൽകണമെന്നും ആവശ്യപ്പെടുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്.
എട്ട് ടിക്കറ്റുകളുടെ സെറ്റ് നൽകി സമ്മാന തുകയായ 4000 രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഇത്രയും പണം കയ്യിൽ ഇല്ലെന്ന് വിനോദ് കുമാർ അറിയിച്ചതോടെയാണ് ബംബർ ടിക്കറ്റുകൾ ഉൾപ്പെടെ 3600 രൂപയുടെ ടിക്കറ്റുകളും 350 രൂപയും നൽകിയത്. പകരം കിട്ടിയ ടിക്കറ്റുകളുമായി വിനോദ് കുമാർ ഫലം പരിശോധിച്ചപ്പോഴാണ് സമ്മാനാർഹമായ ടിക്കറ്റുകളുടെ നമ്പറുകളിൽ നിർമിച്ച വ്യാജ ടിക്കറ്റുകളാണിവയെന്ന് തിരിച്ചറിഞ്ഞത്. സംഭവത്തില്‍ ഷൊർണൂർ പൊലീസിലാണ് പരാതി നൽകിയത്.