നല്ല കൊളസ്ട്രോൾ എന്ന ഹൈ-ഡെൻസിറ്റി ലിപ്പോപ്രോട്ടീൻ (HDL) കൊളസ്ട്രോൾ കൂട്ടുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതിന് സഹായിക്കുന്നു. “നല്ല” കൊളസ്ട്രോൾ രക്തത്തിൽ നിന്ന് മറ്റ് തരത്തിലുള്ള കൊളസ്ട്രോൾ നീക്കം ചെയ്യാൻ സഹായിക്കുന്ന ഒരു തരം കൊളസ്ട്രോൾ ആണ്. ഉയർന്ന അളവിലുള്ള HDL കൊളസ്ട്രോൾ ഹൃദ്രോഗത്തിനും പക്ഷാഘാതത്തിനും സാധ്യത കുറയ്ക്കുന്നു. ഹൃദ്രോഗത്തിൽ നിന്ന് സംരക്ഷിക്കാൻ സഹായിക്കുന്നതിനാൽ എച്ച്ഡിഎൽ ഗുണകരമാണെന്ന് പഠനങ്ങൾ പറയുന്നു. ഉയർന്ന അളവിലുള്ള എച്ച്ഡിഎൽ ഹൃദയ സംബന്ധമായ പ്രശ്നങ്ങൾക്കുള്ള സാധ്യത കുറയ്ക്കുന്നതായി പോഷകാഹാര വിദഗ്ധയായ അഞ്ജലി മുഖർജി പറയുന്നു.
പതിവായി വ്യായാമം ചെയ്യുക എന്നതാണ് നല്ല കൊളസ്ട്രോൾ കൂട്ടാൻ ചെയ്യേണ്ട ആദ്യ പടി. ദിവസവും കുറഞ്ഞത് ഒരു മണിക്കൂറെങ്കിലും വേഗത്തിൽ നടക്കുക, സൈക്ലിംഗ് ചെയ്യുക, നീന്തുക എന്നിവയിലൂടെ നല്ല കൊളസ്ട്രോൾ സ്വാഭാവികമായി ഉയർത്താൻ കഴിയും. വ്യായാമം എച്ച്ഡിഎൽ അളവ് വർദ്ധിപ്പിക്കും. ദിവസത്തിൽ ഒരു മണിക്കൂർ ഏതെങ്കിലും വ്യായാമം ചെയ്യുന്നത് ശീലമാക്കണണെന്ന് അഞ്ജലി മുഖർജി പറയുന്നു.
ആരോഗ്യകരമായ കൊഴുപ്പുകൾ അടങ്ങിയ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക എന്നതാണ് മറ്റൊരു കാര്യം. ചില കൊഴുപ്പുകൾ കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കും. നെയ്യിന്റെ മിതമായ ഉപയോഗം എച്ച്ഡിൽ സിന്തസിസ് പ്രോത്സാഹിപ്പിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു ടേബിൾ സ്പൂൺ നെയ്യ് പതിവായി കഴിക്കുക. അത് നല്ല കൊളസ്ട്രോൾ വർദ്ധിപ്പിക്കുമെന്ന് അഞ്ജലി പറയുന്നു.
കൂടാതെ, ഒമേഗ-3 ഫാറ്റി ആസിഡ് അടങ്ങിയ ഭക്ഷണങ്ങളും നല്ല കൊളസ്ട്രോൾ കൂട്ടും. എച്ച്ഡിഎൽ വർദ്ധിപ്പിക്കുന്നതിനു പുറമേ, വാൽനട്ട്, ഫ്ളാക്സ് സീഡുകൾ, അവോക്കാഡോ എന്നിവയും കൊളസ്ട്രോൾ കൂട്ടാൻ നല്ലതാണ്. അവാക്കാഡോയിൽ നാരുകളും ഹൃദയാരോഗ്യകരമായ കൊഴുപ്പുകളും അടങ്ങിയിരിക്കുന്നു. അവാക്കോഡോ സ്മൂത്തിയായോ ഷേക്കായോ എല്ലാം കഴിക്കാം.