‘ബ്ലൂഫിൻ വില്ലാ പ്രൊജക്ടിന് ഭൂമി വാങ്ങാനുള്ള പണം എവിടെ നിന്ന് കിട്ടി?’; ഫിറോസിനോട് ചോദ്യങ്ങളുമായി കെ ടി ജലീൽ
മലപ്പുറം: മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസിനെതിരെ വീണ്ടും മുന്‍ മന്ത്രിയും എംഎല്‍എയുമായ കെ ടി ജലീല്‍. ബ്ലൂഫിന്‍ വില്ല പ്രൊജക്ടുമായി ബന്ധപ്പെട്ടാണ് പി കെ ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്. ബ്ലൂഫിന്‍ വില്ല പ്രൊജക്ടിന് ഫിറോസ് ഭൂമി എടുത്തിരിക്കുന്നത് എവിടെയാണെന്നും ആ ഭൂമി വാങ്ങാനുള്ള പണം ഫിറോസിന് എവിടെ നിന്നാണ് ലഭിച്ചതെന്നുമാണ് ജലീല്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്ന കുറിപ്പിലൂടെ ചോദിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം പി കെ ഫിറോസ് വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചുവെച്ച് ചൂണ്ടിക്കാട്ടി ജലീല്‍ ഫിറോസിനെതിരെ വിജിലന്‍സ് ആന്‍ഡ് ആന്റി കറപ്ഷന്‍ ബ്യൂറോയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലൂഫിന്‍ കമ്പനിയുമായി ബന്ധപ്പെട്ട് ഫിറോസിനെതിരെ ജലീല്‍ ആരോപണം ഉയര്‍ത്തിയിരിക്കുന്നത്.
പത്രക്കാരെ നേരില്‍ കണ്ട് ഈ ചോദ്യങ്ങള്‍ക്ക് തെളിവുയര്‍ത്തി മറുപടി പറയാന്‍ ഫിറോസിന് ധൈര്യമുണ്ടോ എന്ന ചോദ്യവും ജലീല്‍ ഉയര്‍ത്തി. സഹോദരന്‍ ബുജൈറിന്റെ ജാമ്യത്തിന് വേണ്ടിയുള്ള നെട്ടോട്ടത്തിന്റെ തിരക്കിലാണെങ്കില്‍ ഫേസ്ബുക്കിലൂടെ മറുപടി നല്‍കിയാല്‍ മതിയെന്നും ജലീല്‍ പറഞ്ഞു. ഫിറോസിന്റെ വില്ല പ്രൊജക്ടില്‍ പണം നിക്ഷേപിച്ച് വഞ്ചിക്കപ്പെടാതിരിക്കാന്‍ ലീഗിലെ പുത്തന്‍ പണക്കാര്‍ ശ്രദ്ധിച്ചാല്‍ അവര്‍ക്ക് നല്ലതെന്നും ജലീല്‍ കൂട്ടിച്ചേര്‍ത്തു.