യൂറോപ്യൻ ഫുട്ബോൾ മാമാങ്കത്തിന് അരങ്ങുണരുന്നു. ഇംഗ്ലീഷ് പ്രീമിയർ ലീഗ്, ലാ ലിഗ, ഫ്രഞ്ച് ലീഗുകൾക്ക് ഇന്ന് തുടക്കമാകും. ഒമ്പത് മാസം നീളുന്ന പുതിയ സീസൺ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ആരാധകർ. യൂറോപ്പിലെ പുതിയ രാജാക്കാൻമാരെ തേടി ഇനി ഒമ്പത് മാസക്കാലം കാൽപന്തു കളിയുടെ ആരവങ്ങളിൽ ഫുട്ബോൾ ലോകം മുഴുകും. ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഫുട്ബോൾ ലീഗെന്ന പേരുള്ള ഇംഗ്ലണ്ടിലെ പ്രീമിയർ ലീഗിനും ലോകമെമ്പാടും ആരാധകരുള്ള റയല്‍ മാഡ്രിഡും ബാഴ്സലോണയും മാറ്റുരക്കുന്ന സ്പെയിനിൽ ലാ ലിഗയിലും യൂറോപ്പിന്‍റെ പുതിയ ചാമ്പ്യൻമാരായ പി എസ് ജി മത്സരിക്കുന്ന ഫ്രാൻസിലെ ഫ്രഞ്ച് ലിഗ് വണ്ണിലും ഇന്ന് കിക്കോഫ് ആകുമ്പോള്‍ ആരാധകരുടെ കണ്ണും കാതുമെല്ലാം ഇനി ഫുട്ബോളിനൊപ്പം പായും.
2025-2026 സീസണിൽ നിന്ന് വ്യത്യസ്തമായി കെട്ടിലും മട്ടിലും പുതുമ നിറച്ചാണ് ക്ലബുകൾ ഇത്തവണ ഇറങ്ങുന്നത്. ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യന്മാരായാ ലിവർപൂളിന്‍റെ എതിരാളികൾ ബൗൺമൗത്ത് ആണ്. രാത്രി 12.30 നാണ് ലിവര്‍പൂളിന്‍റെ ഹോം ഗ്രൗണ്ടായ ആൻഫീൽഡിൽ പോരാട്ടാം. ലീഗിലെ 20 ടീമുകളും പുതിയ താരങ്ങളെ അവതരിപ്പിക്കും. ലീഡ്സ്, ബേൺലി, സണ്ടർലാൻഡ് ക്ലബുകൾ ഇത്തവണ പുതുതായി പ്രമോഷന്‍ കിട്ടി എത്തിയവരാണ്.
കാർ അപകടത്തിൽ മരിച്ച ലിവർപൂളിന്‍റെ പോർച്ചുഗീസ് താരം ഡിയോഗ ജോട്ടയ്ക്ക് ആദരം അർപ്പിച്ചാകും ഉദ്ഘാടന മത്സരം തുടങ്ങുക. ജോട്ടോയോടുള്ള ആദരസൂചകമായി ടീമുകൾ ഒരു നിമിഷം മൗനം ആചരിക്കും. താരങ്ങൾ കറുത്ത ആം ബാൻഡ് അണിഞ്ഞാവും ഗ്രൗണ്ടിൽ ഇറങ്ങുക. റയൽ മാഡ്രിഡും ബാഴ്സലോണും അത്ലറ്റിക് ക്ലബും അരങ്ങു തകർക്കുന്ന സ്പെയിനിലെ ലാ ലിഗയിലെ ഉദ്ഘാടന മത്സരത്തിൽ ജിറോണ റയോ വയ്യേക്കാനോയുമായി ഏറ്റുമുട്ടും. മത്സരം ഇന്ത്യൻ സമയം രാത്രി 10.30ന് ജിറോണയുടെ തട്ടകത്തിൽ.
രാത്രി 12.15ന് റെന്നേഴ്സ് എഫ്സിയും മാർസെയിലും തമ്മിലുള്ള പോരാട്ടത്തോടെ ഫ്രഞ്ച് ലീഗ് വണ്ണിനും ആവേശത്തുടക്കം.ജർമൻ ബുണ്ടസ് ലിഗ ഈ മാസം 22നും ഇറ്റാലിയൻ സീരി എ മത്സരങ്ങൾ 23നുമാണ് തുടങ്ങുന്നത്.