ഓഫീസ് ഡിവൈസുകളിൽ നിന്നും വാട്‌സ്ആപ്പ് വെബ് ഉപയോഗിക്കുന്നത് നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങൾ, ഫയലുകൾ, മറ്റ് സെൻസിറ്റീവ് വിവരങ്ങൾ വെളിപ്പെടുത്തുമെന്ന് സർക്കാർ മുന്നറിയിപ്പ് പറയുന്നു. അതായത്, വാട്‌സ്ആപ്പ് വെബ് വഴി നിങ്ങളുടെ തൊഴിലുടമയ്‌ക്കും അഡ്‍മിനിസ്ട്രേറ്റർമാർക്കും ഐടി ടീമുകൾക്കുമൊക്കെ നിങ്ങളുടെ സ്വകാര്യ സംഭാഷണങ്ങളിലേക്കും വ്യക്തിഗത ഫയലുകളിലേക്കും പ്രവേശനം നൽകുമെന്ന് ഈ മുന്നറിയിപ്പ് വ്യക്തമാക്കുന്നു. ഇത് നിങ്ങളുടെ സ്വകാര്യതയ്ക്ക് മാത്രമല്ല, കമ്പനിയുടെ ഡാറ്റ സുരക്ഷയ്ക്കും ഭീഷണിയാകും. സ്‌ക്രീൻ മോണിറ്ററിംഗ് ടൂളുകൾ, മാൽവെയർ, ബ്രൗസർ ഹൈജാക്കിംഗ് അല്ലെങ്കിൽ ഫിഷിംഗ് ആക്രമണങ്ങൾ എന്നിവയാൽ ഈ അപകടസാധ്യത കൂടുതൽ വർധിക്കുന്നു.കോർപ്പറേറ്റ് ഉപകരണങ്ങളിൽ മെസേജിംഗ് പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ കേന്ദ്ര സർക്കാരിന്‍റെ ഇൻഫർമേഷൻ സെക്യൂരിറ്റി അവയർനെസ് ടീം എടുത്തുകാണിക്കുന്നു. ജോലിസ്ഥലങ്ങളിൽ വർധിച്ചുവരുന്ന സൈബർ സുരക്ഷാ ആശങ്കകൾക്കിടയിലാണ് ഈ മുന്നറിയിപ്പ്. ഐഎസ്ഇഎയുടെ കണക്കനുസരിച്ച്, നിരവധി സ്ഥാപനങ്ങൾ ഇപ്പോൾ വാട്‌സ്ആപ്പ് വെബിനെ ഒരു സുരക്ഷാ അപകടസാധ്യതയായി കാണുന്നു. മാൽവെയറിനും ഫിഷിംഗ് ആക്രമണങ്ങൾക്കുമുള്ള ഒരു കവാടമാണിതെന്നും ഇത് മുഴുവൻ നെറ്റ്‌വർക്കിനെയും അപകടത്തിലാക്കാമെന്നും ഐഎസ്ഇഎ വ്യക്തമാക്കുന്നു. ഓഫീസ് വൈ-ഫൈ ഉപയോഗിക്കുന്നത് പോലും കമ്പനികൾക്ക് ജീവനക്കാരുടെ സ്വകാര്യ ഫോണുകളിലേക്ക് ഒരു പരിധിവരെ ആക്‌സസ് നൽകുമെന്നും ഇത് സ്വകാര്യ ഡാറ്റയെ അപകടത്തിലാക്കുമെന്നും സർക്കാർ മുന്നറിയിപ്പ് വ്യക്തമാക്കുന്നു.