Fincat

വോട്ട് കവര്‍ച്ച ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഞായറാഴ്ച മാധ്യമങ്ങളെ കാണും


ന്യൂഡല്‍ഹി: പ്രതിപക്ഷം ഉയർത്തിയ വോട്ട് കവർച്ച ആരോപണങ്ങള്‍ക്കിടെ തിരഞ്ഞെടുപ്പ് കമ്മിഷൻ ഞായറാഴ്ച മാധ്യമങ്ങളെ കാണും.ഈ വർഷം ഫെബ്രുവരിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റ ശേഷം ഗ്യാനേഷ് കുമാർ ആദ്യമായിട്ടാണ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തുന്നത്. ഞായറാഴ്ച വൈകീട്ട് മൂന്നിനാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

ലോക്സഭാ, നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ വോട്ടുകവർച്ച നടത്തിയെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ ആരോപണം, ബിഹാറിലെ തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടങ്ങിയ കാര്യങ്ങളില്‍ തിരഞ്ഞെടുപ്പ് കമ്മിഷൻ മറുപടി നല്‍കിയേക്കും.

ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം നടത്തുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ല. വാർത്താസമ്മേളനത്തിന്റെ അജണ്ട കമ്മിഷൻ വെളിപ്പെടുത്തിയിട്ടില്ല.

വോട്ടർ പട്ടികയില്‍ കൃത്രിമം കാണിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ബിജെപിയുമായി ‘ഗൂഢാലോചന’ നടത്തിയെന്ന് പ്രതിപക്ഷ പാർട്ടികള്‍ ആരോപിച്ചിട്ടുണ്ട്. എന്നാല്‍ ഈ ആരോപണം ഔദ്യോഗിക വൃത്തങ്ങള്‍ വഴിയും സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെയും കമ്മിഷൻ ശക്തമായി നിഷേധിച്ചിട്ടുണ്ട്.

കർണാടകയിലെ മഹാദേവപുര മണ്ഡലത്തിലെ ക്രമക്കേടുകള്‍ ചൂണ്ടിക്കാട്ടിയും 2024-ലെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്തും, വോട്ടർ പട്ടികയിലെ കൃത്രിമത്തിന് ‘തെളിവ്’ എന്ന് അവകാശപ്പെട്ട് രാഹുല്‍ ഗാന്ധി ചില കാര്യങ്ങള്‍ ഹാജരാക്കിയിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയെ തന്നെ ചോദ്യം ചെയ്യുന്ന തരത്തിലേക്കുള്ള പ്രതിപക്ഷത്തിന്റെ നീക്കങ്ങള്‍ക്കിടയിലാണ് പത്രസമ്മേളനം വിളിച്ചിരിക്കുന്നത്.

ബിഹാറിലെ വോട്ടർപട്ടിക പുതുക്കല്‍ മുതല്‍ ആധാർ ബന്ധിപ്പിക്കല്‍ വരെയും, 2024-ലെ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് മുതല്‍ കഴിഞ്ഞ വർഷത്തെ മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പ് വരെയുമുള്ള വിഷയങ്ങളില്‍ മാധ്യമങ്ങളില്‍ നിന്ന് കമ്മിഷൻ ചോദ്യങ്ങള്‍ പ്രതീക്ഷിക്കുന്നുണ്ട്.