അടുത്തമാസം യുഎഇയില്‍ നടക്കുന്ന ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ വരുന്ന ചൊവ്വാഴ്ച പ്രഖ്യാപിക്കാനിരിക്കെ സര്‍പ്രൈസ് ടീമിനെ തെരഞ്ഞെടുത്ത് ഇന്ത്യൻ മുന്‍ താരം ഹര്‍ഭജന്‍ സിംഗ്. ഓപ്പണര്‍മാരായി യശസ്വി ജയ്സ്വാളും ടെസ്റ്റ് ടീം നായകന്‍ ശുഭ്മാന്‍ ഗില്ലും ഹര്‍ഭജന്‍ സിംഗിന്‍റെ ടീമിലിടം പിടിച്ചപ്പോള്‍ വിക്കറ്റ് കീപ്പറായി സ്ഥാനം നേടിയത് പരിക്കുമൂലം ആറാഴ്ചയോളം വിശ്രമം നിര്‍ദേശിക്കപ്പെട്ട റിഷഭ് പന്താണെന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ശ്രേയസ് അയ്യരെയും റിയാന്‍ പരാഗിനെയും ഹര്‍ഭജന്‍ ഏഷ്യാ കപ്പ് ടീമിലുള്‍പ്പെടുത്തിയെന്നതും ശ്രദ്ധേയമായി.
ഓപ്പണര്‍ സ്ഥാനത്തേക്ക് കെ എല്‍ രാഹുലിനെയും പരിഗണിക്കാവുന്നതാണെന്നും ഹര്‍ഭജന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. വിക്കറ്റ് കീപ്പറായി റിഷഭ് പന്ത് എന്തായാലും ടീമില്‍ വേണമെന്നും രാഹുലിനെ വേണമെങ്കില്‍ രണ്ടാം വിക്കറ്റ് കീപ്പറായി പരിഗണിക്കാവുന്നതാണെന്നും ഹര്‍ഭജന്‍ സിംഗ് വ്യക്തമാക്കി.സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും അപേക്ഷിച്ച് ഓപ്പണറെന്ന നിലയില്‍ ഗില്ലിന് മികച്ച സ്ട്രൈക്ക് റേറ്റില്ലല്ലോ എന്ന ചോദ്യത്തിന് ടി20 ക്രിക്കറ്റ് എന്ന് പറഞ്ഞാല്‍ കണ്ണുംപൂട്ടി അടിക്കുക എന്ന് മാത്രമല്ലെന്ന് ഹര്‍ഭജന്‍ പറഞ്ഞു.
അടി തുടങ്ങിയാല്‍ ഗില്‍ ആര്‍ക്കും പിന്നിലല്ല. മികച്ച ടെക്നിക്കുള്ള ഗില്ലിന് ഏത് സാഹചര്യത്തിലും കളി നിയന്ത്രിക്കാനാവുമെന്നും ഏത് ഫോര്‍മാറ്റിലും ആശ്രയിക്കാവുന്ന താരമാണ് ഗില്ലെന്നും ഹര്‍ഭജന്‍ പറഞ്ഞു. ഐപിഎല്ലില്‍ എല്ലാ സീസണിലും സ്ഥിരതയോടെ സ്കോര്‍ ചെയ്യുന്ന ഗില്‍ ഓറഞ്ച് ക്യാപ് നേടിയിട്ടുണ്ടെന്നും ഇതൊന്നും നിങ്ങളുടെ ഓര്‍മയിലില്ലെ എന്നും ഹര്‍ഭജന്‍ ചോദിച്ചു. ചിലര്‍ പറയുന്നതുപോലെ ഗില്‍ 120 സ്ട്രൈക്ക് റേറ്റിലൊന്നുമല്ല ബാറ്റ് ചെയ്യുന്നതെന്നും 150-160 സ്ട്രൈക്ക് റേറ്റിലാണെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. അടുത്ത മാസം 9ന് തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബര്‍ 14നാണ ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം.
ഏഷ്യാ കപ്പിനായി ഹര്‍ഭജന്‍ സിംഗ് തെരഞ്ഞെടുത്ത ഇന്ത്യൻ ടീം: യശസ്വി ജയ്സ്വാൾ, അഭിഷേക് ശർമ്മ, ശുഭ്മാൻ ഗിൽ, സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ഹാർദിക് പാണ്ഡ്യ, ശ്രേയസ് അയ്യർ, വാഷിംഗ്ടൺ സുന്ദർ, റിയാൻ പരാഗ്, കുൽദീപ് യാദവ്, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുമ്ര, അർഷ്ദീപ് സിംഗ്.