ടെക് ലോകത്തുനിന്നും ഓരോ ദിവസവും അമ്പരപ്പിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. മനുഷ്യരെപ്പോലെ കുട്ടികളെ പ്രസവിക്കാൻ റോബോട്ടുകൾക്ക് കഴിയുന്ന ദിവസവും ഇനി വിദൂരമല്ലെന്നാണ് ഒരു ചൈനീസ് അവകാശവാദം. സ്ത്രീയെപ്പോലെ ഗർഭം ധരിച്ച് കുഞ്ഞിനെ പ്രസവിക്കുന്ന ഒരു റോബോട്ടിനെ വികസിപ്പിക്കുന്നതായുള്ള അവകാശവാദവുമായി എത്തിയിരിക്കുകയാണ് ഗ്വാങ്‌ഷൂ ആസ്ഥാനമായുള്ള കൈവ ടെക്‌നോളജി എന്ന കമ്പനി. ഒരു കൃത്രിമ ഗർഭപാത്രം വയറ്റിൽ ഘടിപ്പിച്ചുകൊണ്ട് രൂപകൽപ്പന ചെയ്ത ഒരു ഹ്യൂമനോയിഡാണ് കമ്പനി നിർമ്മിച്ചതെന്ന് ചൈനീസ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. പത്ത് മാസത്തെ ഗർഭകാലം മുഴുവൻ ഭ്രൂണത്തെ വഹിക്കാനും ഒരു കുഞ്ഞിന് ജന്മം നൽകാനും റോബോട്ടിന് സാധിക്കും എന്നാണ് റിപ്പോർട്ടുകൾ.
ഈ ഹ്യൂമനോയിഡ് റോബോട്ടിൽ ഒരു കൃത്രിമ ഗർഭാശയം ഘടിപ്പിക്കാൻ സാധിക്കുമെന്ന് കൈവ ടെക്നോളജിയുടെ സ്ഥാപകനും സിഇഒയുമായ ഷാങ് ചിഫെങ് പറയുന്നു. അതിൽ ഭ്രൂണത്തിന് ഗർഭം മുതൽ ജനനം വരെ വികസിക്കാൻ കഴിയും. 2026-ൽ വിപണിയിൽ അവതരിപ്പിക്കാനും 100,000 യുവാനിൽ (ഏകദേശം 13,900 ഡോളർ) താഴെ വിലയ്ക്ക് ഈ റോബോട്ടിനെ വിൽക്കാനുമാണ് കമ്പനി ലക്ഷ്യമിടുന്നത്. മനുഷ്യ ഗർഭകാലത്തിന്‍റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്ക് ഒരു ഗർഭധാരണ ബദൽ വാഗ്‌ദാനം ചെയ്യുക എന്നതാണ് കൈവ ടെക്നോളജിയുടെ ലക്ഷ്യം.
കൃത്രിമ ഗർഭപാത്ര സാങ്കേതികവിദ്യ ഇപ്പോൾ പൂർണ്ണ പക്വത പ്രാപിച്ചിട്ടുണ്ടെന്നും, ഇത് റോബോട്ടിന്‍റെ വയറ്റിൽ ഘടിപ്പിക്കുന്നതിലൂടെ ഭ്രൂണത്തിന്‍റെ വികാസത്തിലേക്ക് നയിക്കുമെന്നും ഷാങ് പറഞ്ഞു. ഈ സംവിധാനം ഇൻകുബേറ്ററിൽ നിന്ന് വ്യത്യസ്‌തമായിരിക്കും. ഗർഭാശയത്തിൽ കൃത്രിമ അമ്‌നിയോട്ടിക് ദ്രാവകം ഉണ്ടായിരിക്കും. ഒരു ട്യൂബ് വഴി ഭ്രൂണത്തിന് പോഷണം നൽകുകയും ചെയ്യും.
വിവാഹം കഴിക്കാൻ ആഗ്രഹിക്കാത്ത, അല്ലെങ്കിൽ ഗർഭധാരണം എന്ന ജൈവിക പ്രക്രിയ ഒഴിവാക്കാൻ ആഗ്രഹിക്കുന്നവർക്കായിട്ടാണ് ഈ സാങ്കേതികവിദ്യ പ്രത്യേകമായി വികസിപ്പിച്ചെടുത്തതെന്നും ജനസംഖ്യാ കുറവിന്‍റെ പ്രശ്‍നം പരിഹരിക്കുന്നതിനാണ് ഈ പദ്ധതി ആരംഭിച്ചതെന്നും ഷാങ് പറയുന്നു. ഇതുസംബന്ധിച്ച് ഗ്വാങ്‌ഡോംഗ് പ്രവിശ്യാ അധികാരികളുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്നും നയങ്ങളുടെയും നിയമനിർമ്മാണത്തിന്‍റെയും കരടുകൾ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും ഷാങ് ചിഫെങ് പറഞ്ഞതായി ചോസുൻ ബിസ് റിപ്പോർട്ട് ചെയ്യുന്നു. 2015ൽ സ്ഥാപിതമായ കൈവ ടെക്നോളജി ഇതിനകം നിരവധി റോബോട്ടുകൾ നിർമ്മിച്ചിട്ടുണ്ട്.
അതേസമയം, പലരും ഈ പദ്ധതിയെ പിന്തുണയ്ക്കുകയും എതിർക്കുകയും ചെയ്യുന്നുണ്ട്. സ്ത്രീകൾക്ക് ഗർഭധാരണത്തിന്‍റെ ശാരീരിക ഭാരം ഇല്ലാതാക്കാനുള്ള ഒരു നടപടിയാണിതെന്ന് ചിലർ ഇതിനെ വിശേഷിപ്പിച്ചു. താങ്ങാനാവുന്ന വിലയുള്ളതാണെങ്കിൽ ഉടൻ തന്നെ ഈ റോബോട്ടിനെ വാങ്ങുമെന്നും പലരും വ്യക്തമാക്കി. ഈ ഹ്യൂമനോയിഡ് മനുഷ്യ ധാർമ്മികതയ്ക്ക് വിരുദ്ധമാണെന്ന വിമർശനവും ഇതിനകം ഉയർന്നിട്ടുണ്ട്. ഈ ഹ്യൂമനോയിഡ് നിര്‍മ്മാണം ധാർമ്മികവും നിയമപരവുമായ പ്രശ്‌നങ്ങൾക്ക് കാരണമാകുമെന്ന് പലരും ചൂണ്ടിക്കാട്ടുന്നു. റോബോട്ടുകളിൽ നിന്നുള്ള കുഞ്ഞുങ്ങളെ സമൂഹം സ്വാഗതം ചെയ്യുമോ എന്ന ചോദ്യവും ഉയരുന്നു.