വാഹനം തടഞ്ഞും വാതിൽ തകർത്ത് വീടിന് അകത്ത് കയറിയും വരെ അറസ്റ്റുണ്ടായി. കുവൈത്ത് ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും ശക്തമായ നടപടിയാണ് വ്യാജ മദ്യ കേന്ദ്രങ്ങൾക്കെതിരെ ആരോഗ്യമന്ത്രാലയവും ആഭ്യന്തരമന്ത്രാലയവും ചേർന്ന് നടത്തുന്നത്. കുവൈത്ത് ആഭ്യന്തര മന്ത്രി ഷെയ്ഖ് ഫഹദ് യുസഫ് സൗദ് അൽ സാ നേരിട്ട് നയിച്ച റെയ്ഡിലാണ് 67 അറസ്റ്റുണ്ടായത്. മറ്റ് കേസുകളിൽ തിരഞ്ഞിരുന്ന 34 പേരും പിടിയിലായി. ചുരുക്കത്തിൽ നൂറിലധികം പേർ പിടിയിലായിട്ടുണ്ട്. 6 അനധികൃത മദ്യ നിർമ്മാണ കേന്ദ്രങ്ങളും താമസകേന്ദ്രങ്ങളുടെ മറവിൽ പ്രവർത്തിച്ച നാല് കേന്ദ്രങ്ങളും കണ്ടെത്തി. അൽ സലാമയിൽ നിന്നാണ് പ്രധാനനടത്തിപ്പുകാരൻ എന്ന് കരുതുന്ന നേപ്പാളി പൗരൻ ഭൂപൻ ലാലിനെ വൻ മെഥനോൾ ശേഖരം നിർമ്മിക്കുന്നതിനിടെ അറസ്റ്റ് ചെയ്തത്. 3 നേപ്പാളി പൗരന്മാരും 1 ബംഗ്ലാദേശി പൗരനും പിന്നാലെ അറസ്റ്റിലായി. 35 നേപ്പാളി പൗരന്മാരാണ് വിഷമദ്യ ദുരന്തത്തിൽ പെട്ടത്. ഇതിൽ പത്ത് പേർ മരിച്ചതായാണ് വിവരം. ചികിത്സയിലുള്ളവരിൽ മിക്കവരുടെയും നില ഗുരുതരമായി തുടരുകയാണ്. ദുരന്തത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ നാട്ടിലേക്കയക്കുന്നത് ഇന്നത്തോടെ ഊർജ്ജിതമാക്കും.