Fincat

പ്രകൃതിയുടെ പൂക്കള്‍, സര്‍ക്കാരിന്റെ കൈത്താങ്ങ്;ഷാഹിനയ്ക്കിത് ജീവിതമാര്‍ഗം

പാഴെന്ന് നമ്മള്‍ വിളിക്കുന്ന പ്രകൃതിവിഭവങ്ങള്‍ കൊണ്ട് പൂക്കാലം തീര്‍ക്കുകയാണ് കൊണ്ടോട്ടി കിഴിശ്ശേരി സ്വദേശി അങ്ങാടിപ്പറമ്പില്‍ ഷാഹിന ബഷീര്‍. പുല്ല്, മുള, ഇലകള്‍, അടയ്ക്കാത്തൊണ്ട്, ചോളത്തൊലി, മരത്തൊലി തുടങ്ങി ഏത് വസ്തുവിലും ഷാഹിന വര്‍ണം വിരിയിക്കും. ആകര്‍ഷകമായ അലങ്കാരപ്പൂക്കളൊരുക്കും.

പൂക്കളുണ്ടാക്കാന്‍ ഉപയോഗിക്കുന്ന ഓരോ വസ്തുവും എത്രകാലം കേടാവാതിരിക്കുമെന്ന് ഷാഹിനയ്ക്ക് മുന്‍കൂട്ടിയറിയാം. അവ തെരഞ്ഞുപിടിച്ച് ശേഖരിക്കുകയാണ് ആദ്യപടി. മൂക്കാത്ത പുല്ല് ഏറെനാള്‍ കേടുകൂടാതിരിക്കില്ല. മൂപ്പെത്തിയവ മാത്രം ശേഖരിക്കും. പ്രകൃതിയോടുള്ള അടുപ്പമാണ് ഇത് തിരിച്ചറിയാനുള്ള ഒരേയൊരുവഴി. അല്ലാതെ പ്രത്യേകിച്ചൊരു സിദ്ധിയുമില്ലെന്ന് ഷാഹിന പറയും. ചെറിയ വിലയ്ക്ക് ഫാബ്രിക് കളര്‍ പൗഡറുകള്‍ കടകളില്‍ കിട്ടും. പൂക്കളും തണ്ടുകളും വേറെ വേറെ ചായം തേച്ച് എക്സിബിഷനുകളില്‍ എത്തിക്കുകയാണ് പതിവ്. സ്റ്റാളിലിരുന്ന് ആളുകളുടെ മുന്നില്‍ വച്ചാണ് ബാക്കിയുള്ള നിര്‍മാണം. നിര്‍മാണം നേരിട്ട് കാണുന്നത് ആളുകളില്‍ കൗതുകമുണര്‍ത്താറുണ്ട്. തീര്‍ത്തും പരിസ്ഥിതി സൗഹൃദമായ അലങ്കാരപ്പൂക്കള്‍ വീടുകളില്‍ എത്തിക്കുക എന്നത് മാലിന്യം മഹാ വിപത്താകുന്ന കാലത്ത് വളരെ പ്രാധാന്യമര്‍ഹിക്കുന്ന പ്രവൃത്തിയാണെന്ന് ഷാഹിന വിശ്വസിക്കുന്നു. പ്ലാസ്റ്റിക്കല്ലാതെ മറ്റൊന്നും പാഴ് വസ്തുക്കളല്ലെന്നാണ് ഷാഹിനയുടെ നിരീക്ഷണം.

 

ഷാഹിനയ്ക്ക് ചില ദാര്‍ശനിക സമീപനങ്ങളുണ്ട്. ഒരു വസ്തു ശേഖരിക്കുമ്പോള്‍ പ്രകൃതിയോട് അനുവാദം ചോദിച്ചാണ് ശേഖരിക്കുക. ഇളം പ്രായത്തിലുള്ള ചെടികളോ കായ്കളോ ശേഖരിക്കില്ല. പൂക്കള്‍ പൊട്ടിച്ച് നശിപ്പിക്കില്ല. മൂപ്പെത്തിയ തണ്ടും കായ്കളും മാത്രമാണ് അലങ്കാരച്ചെടികളുണ്ടാക്കാന്‍ തെരഞ്ഞെടുക്കുക. അമ്മൂസെന്ന് വിളിക്കുന്ന ആദിത്യയുമുണ്ടാകും സഹായത്തിന്. അലങ്കാരപ്പൂനിര്‍മാണം സ്‌കൂള്‍ വിദ്യാര്‍ഥിയായ ആദിത്യയ്ക്കും ഇപ്പോള്‍ ഹരമാണ്. അവള്‍ക്കതൊരു വരുമാനമാര്‍ഗവുമാണ്. കാഴ്ചാപരിമിതര്‍ക്ക് മുളകള്‍ കൊണ്ട് അലങ്കാര വസ്തുക്കളുണ്ടാക്കാന്‍ പരിശീലനം നല്‍കുന്നുണ്ട് ഷാഹിന. അത്തരം കുട്ടികളെയും കൂട്ടി പലതരം പ്രദര്‍ശന-വിപണന മേളകളില്‍ പങ്കെടുക്കണമെന്നതും ഷാഹിനയുടെ ആഗ്രഹമാണ്.

 

കുടുംബശ്രീ വഴിയാണ് ഷാഹിന ആദ്യം പൂക്കളുടെ വിപണി തിരിച്ചറിഞ്ഞത്. കുടുംബശ്രീയുടെ എക്സിബിഷനില്‍ പായസവുമായി പോകുന്ന ഉമ്മയുടെ കയ്യില്‍ ചില കരകൗശല വസ്തുക്കള്‍ കൊടുത്തയച്ചുനോക്കി. നല്ല പ്രതികരണമാണ് കിട്ടിയത്. പിന്നീട് കുടുംബശ്രീ മേളകളില്‍ സ്ഥിരം സാന്നിധ്യമായി. വ്യവസായ വകുപ്പ്, ബാംബൂ കോര്‍പ്പറേഷന്‍, പിന്നാക്കവികസന വകുപ്പ് തുടങ്ങി വിവിധ വകുപ്പുകള്‍ ഷാഹിനയ്ക്ക് എക്സിബിഷനുകളില്‍ ഇടം കൊടുത്തു. എന്റെ കേരളം, സരസ്സ് തുടങ്ങിയ മേളകള്‍ വലിയ ഊര്‍ജമായി. ഓണ്‍ലൈന്‍ മാര്‍ക്കറ്റിങിന്റെ രീതികളറിയാത്തതുകൊണ്ട് സര്‍ക്കാര്‍ ഒരുക്കുന്ന മേളകളാണ് തന്നെപ്പോലുള്ളവരെ നിലനിര്‍ത്തുന്നതെന്ന് ഷാഹിന പറയുന്നു. വര്‍ഷത്തില്‍ എട്ടോ പത്തോ മേള മതി ഒരു വര്‍ഷത്തേക്കുള്ള വരുമാനം കണ്ടെത്താന്‍. ഉല്പന്നങ്ങള്‍ എക്സിബിഷനുകളില്‍ എത്തിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രം വലിയ പ്രോത്സാഹനവും പിന്തുണയും നല്‍കിയിട്ടുണ്ട്. വ്യവസായ വകുപ്പ്, കുടുംബശ്രീ എന്നിവ വഴി ഡല്‍ഹി ഉള്‍പ്പെടെ കേരളത്തിന് പുറത്തും ധാരാളം വേദികള്‍ കിട്ടുന്നുണ്ട്.