Fincat

ബിജെപിയുടെ തമിഴ് കാര്‍ഡിന് തെലുങ്ക് കാര്‍ഡുമായി ഇന്ത്യ സഖ്യം; YSRCP-TDP നിലപാട് നിര്‍ണായകം


നിലവിലെ അംഗബലം കൊണ്ട് എൻഡിഎയ്ക്ക് എളുപ്പത്തില്‍ വിജയം കൈവരിക്കാവുന്ന ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായൊരു രാഷ്ട്രീയ നീക്കത്തിലൂടെ ഇന്ത്യ സഖ്യം ചർച്ചകളുടെ ഗതിമാറ്റിയിരിക്കുകയാണ്.ദക്ഷിണേന്ത്യയില്‍നിന്നുള്ള ഒരു ഒബിസി വിഭാഗം നേതാവിനെ രംഗത്തിറക്കി പ്രതിപക്ഷനിരയില്‍ വിള്ളലുണ്ടാക്കുകയും തമിഴ്നാട് രാഷ്ട്രീയത്തില്‍ വേരോട്ടമുണ്ടാക്കുകയും ചെയ്യുക എന്ന ബിജെപി ലക്ഷ്യത്തെ തെലുങ്ക് കാർഡിറക്കി ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇതോടെ ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ് ദക്ഷിണേന്ത്യയില്‍ ഒരു പുതിയ രാഷ്ട്രീയ പോരാട്ടത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്.

എൻഡിഎ സഖ്യം തമിഴ്നാട്ടുകാരനായ സി.പി. രാധാകൃഷ്ണനെയും ഇന്ത്യ സഖ്യം തെലുങ്കനായ ബി.സുദർശൻ റെഡ്ഡിനെയും സ്ഥാനാർത്ഥിയായി നിർദ്ദേശിച്ചതോടെ തമിഴ്-തെലുങ്ക് പോരാട്ടത്തിലേക്കും തുടർ ദിവസങ്ങളിലെ ചർച്ചകള്‍ വഴിമാറും.

തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലക്കാരനായ സുപ്രീംകോടതി മുൻ ജഡ്ജി ബി.സുദർശൻ റെഡ്ഡിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചതിലൂടെ ആന്ധ്ര, തെലങ്കാന
സംസ്ഥാനങ്ങളിലെ ഭരണപക്ഷത്തുള്ള എം.പിമാരെ കൂടി സമ്മർദത്തിലാക്കാനുള്ള നീക്കമായിട്ടാണ് നിരീക്ഷകർ വിലയിരുത്തുന്നത്

തെലുങ്ക് അഭിമാനത്തിനും സ്വത്വത്തിനും വേണ്ടി നിലകൊള്ളുന്നുവെന്ന് പറയുന്ന എൻഡിഎയിലെ പ്രധാന ഘടകക്ഷിയായ ടിഡിപിക്കും ചന്ദ്രബാബു നായിഡുവിനും ഇനി കണ്ണടച്ച്‌ തീരുമാനമെടുക്കാനാകില്ല.

എൻഡിഎയിലും ഇന്ത്യ സഖ്യത്തിലും നിലയുറപ്പിക്കാത്ത ആന്ധ്രയിലെ പ്രതിപക്ഷ പാർട്ടിയായ വൈഎസ്‌ആർ കോണ്‍ഗ്രസ് കഴിഞ്ഞ ദിവസം സി.പി രാധാകൃഷ്ണന് പിന്തുണ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ നാട്ടുകാരനായ മുൻ ജഡ്ജിയെ ഇന്ത്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ അവരുടെ നിലപാടും ഇനി നിർണായകമാകും.

രാഷ്ട്രീയക്കാരനല്ലാത്ത ബി.സുദർശൻ റെഡ്ഡിയെ രംഗത്തിറക്കിയതിലൂടെ രാഷ്ട്രീയ തന്ത്രങ്ങള്‍ക്കൊപ്പം ഘടകകക്ഷികളുടെ ആവശ്യങ്ങള്‍കൂടിയാണ് കോണ്‍ഗ്രസ് നിറവേറ്റിയിരിക്കുന്നത്. രാഷ്ട്രീയത്തിന് പുറത്ത് ‘വലിയ വിശ്വാസ്യതയുള്ള’ ഒരു സ്ഥാനാർത്ഥിയെ മത്സരിപ്പിക്കാനുള്ള തീരുമാനം പ്രധാനമായും പ്രാദേശിക പാർട്ടികളില്‍നിന്നുള്ള പിന്തുണ ലക്ഷ്യമിട്ടാണെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറയുന്നു.

എൻഡിഎ സ്ഥാനാർത്ഥിയായ സി.പി. രാധാകൃഷ്ണൻ സംഘപരിവാറില്‍ നിന്നുള്ളയാളാണെങ്കില്‍ തങ്ങള്‍ മുന്നോട്ട് വെക്കുന്നത് സുപ്രീംകോടതിയില്‍നിന്നുള്ള ഒരു ന്യായാധിപനെയാണെന്നും അവർ പറയുന്നു.

ദക്ഷിണേന്ത്യയില്‍ നിന്നൊരു സ്ഥാനാർത്ഥി വേണമെന്ന ഡിഎംകെയുടെ ആവശ്യം റെഡ്ഡിയിലൂടെ നിറവറ്റുന്നതിനൊപ്പം രാഷ്ട്രീയക്കാരനല്ലാത്തയാള്‍ വേണമെന്ന തൃണമൂല്‍ കോണ്‍ഗ്രസിന്റെ നിലപാടും ഇതിലൂടെ അംഗീകരിക്കാനായി.

സുദർശൻ റെഡ്ഡി ഒരു സമ്ബൂർണ്ണ പ്രതിപക്ഷ സ്ഥാനാർഥിയാണെന്ന് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതിന് പിന്നില്‍ ഇന്ത്യ സഖ്യത്തിനപ്പുറമുള്ള പാർട്ടികളെ ലക്ഷ്യമിട്ടാണ്. എൻഡിഎ സ്ഥാനാർത്ഥി സി.പി. രാധാകൃഷ്ണനെ പിന്തുണയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതിപക്ഷത്തോട് അഭ്യർത്ഥിച്ചതിന് തൊട്ടുപിന്നാലെയാണ് ഇന്ത്യ സഖ്യം റെഡ്ഡിയെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചത്.

ഇതൊരു ആശയപരമായ പോരാട്ടമാണെന്ന് പ്രഖ്യാപിച്ച ഖാർഗെ ജനാധിപത്യ മൂല്യങ്ങള്‍ ആക്രമിക്കപ്പെടുന്നതിനാല്‍ എല്ലാ പ്രതിപക്ഷ പാർട്ടികളും ഒന്നിച്ചിരിക്കേണ്ടതിന്റെ ആവശ്യകതയും ചൂണ്ടിക്കാട്ടി.

അതേസമയം മറുവശത്ത് സി.പി.രാധാകൃഷ്ണന് പിന്തുണ ഉറപ്പിക്കാൻ ബിജെപി അണിയറനീക്കങ്ങള്‍ കഴിഞ്ഞ ദിവസംമുതലെ തുടങ്ങിയിരുന്നു. സ്ഥാനാർഥിയെ പ്രഖ്യാപിക്കുന്നതിനുമുൻപ് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനുമായി സംസാരിച്ചിരുന്നു. ഇന്ത്യ സഖ്യത്തില്‍ വിള്ളല്‍ ലക്ഷ്യമിട്ടായിരുന്നു രാജ്നാഥിന്റെ വിളി.

അതേസമയം സമവായത്തിന് എല്ലാ പാർട്ടികളുമായും രാജ്നാഥ് സംസാരിക്കുമെന്നാണ് ഇന്ന് ചേർന്ന എൻഡിഎ പാർലമെന്ററി പാർട്ടി യോഗത്തിന് ശേഷം കേന്ദ്ര മന്ത്രി കിരണ്‍ റിജിജു പറഞ്ഞത്. പ്രധാനമന്ത്രി എല്ലാവരുടെയും പ്രത്യേകിച്ച്‌ പ്രതിപക്ഷ എംപിമാരുടെയും പിന്തുണ തേടിയെന്നും അദ്ദേഹം പറയുകയുണ്ടായി.

ഡിഎംകെ അടക്കമുള്ള തമിഴ്നാട്ടില്‍നിന്നുള്ള പാർട്ടികളെ ആശയക്കുഴപ്പത്തിലാക്കാനായിരുന്നു ബിജെപി സി.രാധാകൃഷ്ണനിലൂടെ ശ്രമിച്ചത്. തമിഴ്നാട്ടില്‍നിന്നുള്ള ഒരാള്‍ ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് വരുന്നതിനെ ഡിഎംകെ അടക്കമുള്ള തമിഴ് പാർട്ടികള്‍ എതിർക്കുന്നുവെന്ന് പ്രചരിപ്പിക്കാനായിരുന്നു ബിജെപി ലക്ഷ്യമിട്ടത്. ബിജെപി തന്ത്രത്തിന് ബദലായിട്ട് ആന്ധ്രയില്‍ എൻഡിഎയിലെ ഭിന്നത ലക്ഷ്യമിട്ട് ഇന്ത്യ സഖ്യം സ്ഥാനാർഥിയെ പ്രഖ്യാപിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലെ ചർച്ച കുറച്ച്‌ നാള്‍ ദക്ഷിണേന്ത്യ കേന്ദ്രീകരിച്ചായിരിക്കുമെന്നുറപ്പായി.