Fincat

ഭാര്യയുടെ മാതാപിതാക്കളെ ഇടിവള കൊണ്ട് ഇടിച്ചു, കാർ തല്ലിപ്പൊളിച്ചു; യുവാവ് അറസ്റ്റിൽ

ഭാര്യയുടെ മാതാപിതാക്കളെ അതിക്രൂരമായി ആക്രമിക്കുകയും അസഭ്യം പറയുകയും കാർ തല്ലിപ്പൊളിക്കുകയും ചെയ്ത കേസിൽ ഭർത്താവ് അറസ്റ്റിൽ. തളിക്കുളം കച്ചേരിപ്പടി സ്വദേശി കുന്നത്ത്പറമ്പിൽ വീട്ടിൽ ഷക്കീറിനെയാണ് (32 ) തൃശൂർ റൂറൽ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച വൈകീട്ട് ആറോടെയാണ് ഷക്കീർ ഭാര്യ താമസിക്കുന്ന പുത്തൻപീടികയിലെ വീട്ടിൽ അതിക്രമിച്ച് കയറി ആക്രമണം നടത്തിയത്. ഭാര്യയുടെ അച്ഛനെയും അമ്മയെയും ഇടിവള കൊണ്ടാണ് ഷക്കീർ ഇടിച്ചത്. ഇവർക്ക് പുറമെ വീട്ടിലുണ്ടായിരുന്ന മറ്റ് സ്ത്രീകളെ അസഭ്യം പറഞ്ഞ പ്രതി വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാർ തല്ലിപ്പൊളിക്കുകയും ചെയ്തു. ഷക്കീറിൻ്റെ ഭാര്യയുടെ അമ്മയുടെ പരാതിയിലാണ് സംഭവത്തിൽ അന്തിക്കാട് പൊലീസ് കേസെടുത്തത്. ഭാര്യ വേർപിരിഞ്ഞ് കഴിയുന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് വിവരം. അന്തിക്കാട് പൊലീസ് സ്റ്റേഷൻ എസ്.എച്ച്.ഒ സരിൻ, എസ്.ഐ അഫ്സൽ, ജി.എസ്.ഐ സജീവ്, ജി.എ.എസ്.ഐ ബിനു തോമസ്, ജി.എസ്.സി.പി.ഒ ഷാനവാസ്, സി.പി.ഒ ഷാജഹാൻ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.