Fincat

തൃശൂരിലെ 6 ബിജെപി കൗൺസിലർമാർക്ക് 5 ലക്ഷം പിഴ വിധിച്ച് ഹൈക്കോടതി, അഭിഭാഷകന് 5 ലക്ഷം പിഴ; ബിനി ഹെറിറ്റേജിനെതിരായ ഹർജി തള്ളി

ബിനി ഹെറിറ്റേജിനെതിരേയുള്ള കേസില്‍ പരാതികാര്‍ക്ക് പിഴയിട്ട് ഹൈക്കോടതി. തൃശൂര്‍ കോര്‍പ്പറേഷന്റെ ഉടമസ്ഥതയിലുള്ള ബിനി ടൂറിറ്റ്‌റ് ഹോം നടത്തിപ്പിനായി പി എസ് ജനീഷ് എന്ന വ്യക്തിക്ക് കൈമാറിയതില്‍ ക്രമക്കേട് ആരോപിച്ച് ഹര്‍ജിയുമായി എത്തിയവര്‍ക്കാണ് കോടതി പിഴയിട്ടത്. തൃശൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലിലെ ആറ് ബി ജെ പി കൗണ്‍സിലര്‍മാര്‍ക്കും സ്വന്തം പേരില്‍ പരാതി നല്‍കിയ അഡ്വ. കെ പ്രമോദിനുമാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് 10 ലക്ഷം രൂപ പിഴയിട്ടത്. കൗണ്‍സിലര്‍മാര്‍ ചേര്‍ന്ന് 5 ലക്ഷവും അഡ്വ. കെ. പ്രമോദ് 5 ലക്ഷവും കെട്ടണമെന്നാണ് ജസ്റ്റീസ് അമിത് റവാല്‍, ജസ്റ്റീസ് പി വി ബാലകൃഷ്ണന്‍ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടത്.

അനാവശ്യ ഹര്‍ജി നല്‍കി കോടതിയുടെ സമയം കളഞ്ഞതാണ് പിഴയ്ക്കു കാരണം. കോര്‍പറേഷന്‍റെ ഉടമസ്ഥയിലുള്ള ഈ ടൂറിസ്റ്റ് ഹോം വാടകയ്ക്ക് നല്‍കിയത് നിയമപരമല്ലന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം. എന്നാല്‍ കോര്‍പ്പറേഷന് വരുമാനം ലഭിക്കുന്നതും നല്ല ഉദ്ദേശ്യത്തോടെയുള്ളതുമായ ഒരു നടപടിയെ, പ്രതികാര മനോഭാവത്തോടെ തടസപ്പെടുത്തുന്ന സമീപനമാണ് ഹർജിക്കാരുടെ ഭാഗത്തുനിന്നുണ്ടായതെന്ന് കോടതി നിരീക്ഷിച്ചു. ഹര്‍ജിക്കാരായ വിനോദ് പൊള്ളഞ്ചേരി, പൂര്‍ണിമ സുരേഷ്, വി ആതിര, എം വി രാധിക, കെ ജി നിജി, എന്‍ പ്രസാദ് എന്നിവരാണ് പിഴ ശിക്ഷ ലഭിച്ച കൗണ്‍സിലര്‍മാര്‍. ഒരു മാസത്തിനകം പിഴ അടച്ച് രസീത് ഹാജരാക്കാന്‍ കോടതി പറഞ്ഞു.

തൃശൂര്‍ കോര്‍പറേഷന്റെ ഗസ്റ്റ് ഹൗസാണ് ബിനി ടൂറിസ്റ്റ് ഹോം. പ്രമുഖ അബ്കാരിയായിരുന്ന വി കെ അശോകനായിരുന്നു ബിനി ഗസ്റ്റ് ഹൗസ് ഏറ്റെടുത്ത് നടത്തിയിരുന്നത്. പുതിയ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ സ്വകാര്യ വ്യക്തികള്‍ ഗസ്റ്റ് ഹൗസ് ഏറ്റെടുത്തു. ബിനി ടൂറിസ്റ്റ് ഹോം എന്ന പേര് ബിനി ഹെറിറ്റേജ് എന്നാക്കി മാറ്റി. സി പി എം നേതാക്കള്‍ ഇടപ്പെട്ട് ബിനി ഗസ്റ്റ്ഹൗസ് ഇഷ്ടപ്പെട്ടവര്‍ക്ക് കൊടുത്തെന്നായിരുന്നു ബി ജെ പിയുടെ ആരോപണം. തൃശൂര്‍ കോര്‍പറേഷന്‍ വഴിവിട്ട് സഹായം ചെയ്‌തെന്നും ഗസ്റ്റ് ഹൗസ് കോര്‍പറേഷന്‍ ഏറ്റെടുക്കണമെന്നും ബി ജെ പി കൗണ്‍സിലര്‍മാര്‍ വാദിച്ചു. പക്ഷേ, ഈ വാദം ഹൈക്കോടതി തള്ളി.

ബിനി ഹെറിറ്റേജിന് എതിരെ കോര്‍പറേഷന്‍ കൗണ്‍സിലിലും പുറത്തും ബി ജെ പി വലിയ പ്രക്ഷോഭങ്ങള്‍ നടത്തിയിരുന്നു. പിഴയൊടുക്കണമെന്ന ഹൈക്കോടതി ഉത്തരവ് ബി ജെ പിയ്ക്ക് രാഷ്ട്രീയമായി തിരിച്ചടിയായി. ഈ ആക്ഷേപങ്ങളാണ് ഹൈക്കോടതി തള്ളിയത്. നിയമം പാലിച്ചാണ് ഗസ്റ്റ് ഹൗസ് കോര്‍പറേഷന്‍ നല്‍കിയതെന്ന് ഹൈക്കോടതി ഉത്തരവിലൂടെ വ്യക്തമായി.

ബിനി ടൂറിസ്റ്റ് ഹോം : നാള്‍ വഴി

ഓമന അശോകനായിരുന്നു 1990 മുതല്‍ 2020 വരെ ബിനി ഹോം സ്റ്റേ കരാറെടുത്തിരുന്നത്. 2020 ല്‍ കെട്ടിടം തൃശൂര്‍ കോര്‍പ്പറേഷന് തിരിച്ചേല്‍പ്പിച്ചു. പിന്നീട് 2020 ഒക്‌ടോബര്‍, നവംബര്‍, 2021 ഫെബ്രുവരി, മാര്‍ച്ച്, നവംബര്‍, 2022 ലും ടെന്‍ഡര്‍ വിളിച്ചു. എന്നാല്‍ ആരും കെട്ടിടം ഏറ്റെടുക്കാന്‍ തയ്യാറായില്ല. 2020 ന് പൊതു ലേലം ക്ഷണിച്ചപ്പോള്‍ പി എസ് ജനീഷ് ഇത് ഏറ്റെടുക്കുകയും 7.25 ലക്ഷം മാസ വാടക രേഖപ്പെടുത്തുകയും ചെയ്തു. പിന്നീട് കോര്‍പ്പറേഷനുമായുള്ള ചര്‍ച്ചയില്‍ രൂപ 7.50 ലക്ഷമാക്കി ഉയര്‍ത്തി. വാടക വര്‍ധനവ് മൂന്നുവര്‍ഷത്തിലൊരിക്കല്‍ വരുത്താനും തീരുമാനിച്ചു. മൂന്ന് കോടിയോളം രൂപ ചെലവഴിച്ച് ജനീഷ് കെട്ടിടം പുതുക്കി പണിയുകയും ബിനി ഹെറിറ്റേജാക്കി മാറ്റുകയും ചെയ്തു. മേയര്‍ക്കും ഭരണപക്ഷത്തിനുമെതിരായുള്ള വ്യക്തിപരമായ അജന്‍ണ്ടകളും കരാറുകാരനായ ജനീഷിനോടുള്ള വ്യക്തിവൈരാഗ്യങ്ങളും വിദ്വേഷവുമാണ് ഇത്തരം ഹർജികള്‍ക്ക് പുറകിലുള്ളതെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി. കരാറുകാരന് അനുകൂലമായ വിധിയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഭാഗത്ത് നിന്നുണ്ടായത്. എന്നിട്ടും അഡ്വ: കെ പ്രമോദ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചില്‍ പ്രത്യേകം ഹർജി നല്‍കി. ഇതാണ് പിഴ വിധിക്കാന്‍ കാരണമായത്.