യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ ഉയര്‍ന്നുവന്ന ഗുരുതര ആരോപണങ്ങളില്‍ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പാര്‍ട്ടിക്കകത്തുളള ഏത് നേതാവിനെതിരെ ആരോപണങ്ങള്‍ വന്നാലും പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യുമെന്ന് വി ഡി സതീശന്‍ പറഞ്ഞു. വെളിപ്പെടുത്തല്‍ നടത്തിയ കുട്ടിയെ വിവാദ കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും തനിക്ക് അവര്‍ മകളെപ്പോലെയാണെന്നും വി ഡി സതീശന്‍ പറഞ്ഞു. വിഷയം കര്‍ശനമായി കൈകാര്യം ചെയ്യുമെന്നും എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും, അതിന് താന്‍ തന്നെ മുന്‍കൈ എടുക്കുമെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. മാധ്യമങ്ങളോടായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം
‘പാര്‍ട്ടിക്കകത്തുളള ഏത് നേതാവിനുമെതിരെ ഗുരുതരമായ ആരോപണങ്ങള്‍ വന്നാല്‍ പാര്‍ട്ടി ഗൗരവമായി പരിശോധിക്കുകയും മുഖം നോക്കാതെ നടപടിയെടുക്കുകയും ചെയ്യും.അതില്‍ ഒരു വിട്ടുവീഴ്ച്ചയമില്ല. അത് ആരായാലും. ആ കുട്ടിയെ വിവാദ കേന്ദ്രമാക്കാന്‍ ഉദ്ദേശിക്കുന്നില്ല. എനിക്ക് എന്റെ മകളെപ്പോലെയുളള കുട്ടിയാണ്. കോണ്‍ഗ്രസിനകത്ത് ഒരാള്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ ഒരു വിട്ടുവീഴ്ച്ചയുമുണ്ടാകില്ല. കര്‍ശനമായി കൈകാര്യം ചെയ്യും. എത്ര വലിയ നേതാവായാലും മുഖം നോക്കാതെ നടപടിയെടുക്കും. അതിന് ഞാന്‍ തന്നെ മുന്‍കൈ എടുക്കും. തെറ്റായ മെസേജ് ഒരാള്‍ അയച്ചുവെന്ന് മകളെപ്പോലെ കാണുന്ന ഒരു കുട്ടി വന്ന് പറഞ്ഞാല്‍ ഒരു പിതാവ് എന്തുചെയ്യും? അത് ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ ഉയര്‍ന്നുവന്ന ആരോപണങ്ങളെക്കുറിച്ച് പാര്‍ട്ടി ഗൗരവതരമായി പരിശോധിക്കുകയും നടപടി സ്വീകരിക്കുകയും ചെയ്യും.’-വി ഡി സതീശന്‍ പറഞ്ഞു.
നേരത്തെ പാര്‍ട്ടിയുടെ മുന്നില്‍ പരാതിയൊന്നും വന്നിട്ടില്ലെന്നും വ്യക്തിപരമായി തന്നോട് വേറെ ആരും പരാതി പറഞ്ഞിട്ടില്ലെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. ‘സമീപിച്ചാല്‍ നടപടിയെടുക്കും. ഇപ്പോള്‍ ഗൗരവതരമായ ആരോപണം വന്നിരിക്കുന്നു. അത് പരിശോധിക്കും. രാഷ്ട്രീയ രംഗത്തുളള ആളുകളെക്കുറിച്ച് പല രീതിയിലും ആളുകള്‍ പറയും. ഗൗരവമുളള പരാതികള്‍ വരുമ്പോള്‍ അത് പരിശോധിക്കും. പാര്‍ട്ടി കോടതിയാവുകയല്ല, പക്ഷെ പാര്‍ട്ടി ചെയ്യേണ്ട നടപടി പാര്‍ട്ടി ചെയ്യും. നേരത്തെ എഐസിസിക്ക് പരാതി കിട്ടിയതായി എനിക്കറിയില്ല. ഞങ്ങളറിഞ്ഞാന്‍ ഇടപെടും. ഞാന്‍ ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ച്ച ചെയ്യുന്നയാളല്ല. ആ കുട്ടി ഇന്നലെ നിങ്ങള്‍ (മാധ്യമപ്രവര്‍ത്തകര്‍) തലകുത്തി ചോദിച്ചിട്ടും എന്നെക്കുറിച്ച് എന്തെങ്കിലും പറഞ്ഞോ ഞാന്‍ പിതാവിന് തുല്യനാണ് എന്നാണ് കുട്ടി പറഞ്ഞത്. ആ കുട്ടിയെ ഇരയാക്കി എന്നെ ടാര്‍ഗെറ്റ് ചെയ്തില്ലേ. രാഹുലിനെതിരായ നടപടി സംഘടനാപരമായി എടുക്കേണ്ട തീരുമാനമാണ്. പരാതി പരിശോധിച്ച് എല്ലാ വശങ്ങളും നോക്കി, ആരോപണവിധേയന് മറുപടി പറയാനുളള അവസരം കൂടി കൊടുത്ത് നടപടിയെടുക്കും. പാര്‍ട്ടിയില്‍ ഒരു നടപടിക്രമമുണ്ട്’- വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
യുവ രാഷ്ട്രീയ നേതാവില്‍ നിന്നും മോശം അനുഭവം ഉണ്ടായെന്നാണ് മാധ്യമ പ്രവര്‍ത്തകയും അഭിനേതാവുമായ റിനി ആന്‍ ജോര്‍ജ് കഴിഞ്ഞദിവസം വെളിപ്പെടുത്തിയിരുന്നു. അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശം സമീപനം ഉണ്ടായെന്നുമായിരുന്നു വെളിപ്പെടുത്തല്‍. അതിനുപിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ ഒരു യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുന്ന ഫോണ്‍ സംഭാഷണവും പുറത്തുവന്നു. രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സോഷ്യൽ മീഡിയയിലൂടെ നടത്തിയ അശ്ലീല ചാറ്റും പുറത്ത് വന്നിട്ടുണ്ട്. ഗുരുതര ആരോപണങ്ങൾ ശക്തമായതോടെ രാഹുൽ മാങ്കൂട്ടത്തിൽ രാജി വയ്ക്കണമെന്ന സമ്മർദവും ശക്തമാവുകയാണ്.