എറണാകുളം പറവൂർ കോട്ടുവള്ളിയിൽ വീട്ടമ്മ ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ മൂന്നാം പ്രതി ദീപയ്ക്ക് ജാമ്യം. പറവൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ദീപയുടെ മാതാപിതാക്കളായ പ്രദീപിനും ബിന്ദുവിനും ഒപ്പം ദീപയും വീട്ടമ്മയെ പലിശ ആവശ്യപ്പെട്ടു ഭീഷണിപ്പെടുത്തി എന്ന മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. മൂന്ന് പേർക്കും എതിരെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി കേസ് എടുത്തിരുന്നു. ഒളിവിൽ പോയ റിട്ട. പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപിനും ബിന്ദുവിനുമായി അന്വേഷണം തുടരുകയാണ്. ഇരുവർക്കും എതിരെ അനധികൃത പലിശ ഇടപാടുകൾക്കെതിരെയുള്ള വകുപ്പുകൾ കൂടി ചുമത്താൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. ആത്മഹത്യ ചെയ്ത ആശ ബെന്നിയുടെ സാമ്പത്തിക രേഖകൾ ഇതിനായി പൊലീസ് പരിശോധിക്കുകയാണ്. മുനമ്പം ഡി വൈ എസ് പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണച്ചുമതല.