Fincat

മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ വൈരാഗ്യം, വീട് കയറി ആക്രമിച്ച സംഭവം; മൂന്ന് പ്രതികൾ അറസ്റ്റിൽ

ഒറ്റപ്പാലം പാവുക്കോണത്ത് മകളെ വിവാഹം ചെയ്ത് നൽകാത്തതിൻ്റെ പ്രതികാരത്തിൽ വീട് കയറി ആക്രമിച്ച സംഭവത്തിൽ മൂന്ന് പ്രതികൾ അറസ്റ്റിൽ. തൃക്കടീരി സ്വദേശികളായ മുഹമ്മദ് ഫാസിൽ, മുഹമ്മദ് ഫവാസ്, മുഹമ്മദ് സാദിഖ് എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞ ബുധനാഴ്ച രാത്രി എട്ട് മണിയോടെയാണ് സംഭവം നടന്നത്.

മകളെ വിവാഹം ചെയ്തു നൽകാത്തതിലുള്ള പ്രതികാര നടപടിയായി പെൺകുട്ടിയുടെ വീട്ടിലും അടുത്ത ബന്ധുവിന്റെ വീട്ടിലും കയറി അക്രമണം നടത്തിയെന്ന കേസിലാണ് മൂന്ന് പേരെ ഒറ്റപ്പാലം പൊലീസ് അറസ്റ്റ് ചെയ്തത്. വീടുകളിൽ ഉണ്ടായിരുന്ന സ്ത്രീകളെയും കുട്ടികളെയും കമ്പി വടിയും സൈക്കിൾ ചെയിനും ഉപയോഗിച്ച് ആക്രമിക്കാൻ ശ്രമിക്കുകയും ബന്ധുവിനെ തടഞ്ഞുനിർത്തി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും നിർത്തിയിട്ടിരുന്ന വാഹനവും ജനാലകളും അടിച്ച് തകർത്ത് നാശനഷ്ടം വരുത്തിയെന്നുമാണ് പ്രതികൾക്കെതിരായ കേസ്.