Fincat

ജിമ്മിന്‍റെ മറവിൽ യുവാക്കൾക്ക് വിറ്റിരുന്നത് കഞ്ചാവ്; ജിം ട്രെയിനർ ഉൾപ്പെടെ രണ്ടുപേർ കഞ്ചാവുമായി പിടിയിൽ

ആലപ്പുഴയിൽ രണ്ടിടങ്ങളിലായി എക്സൈസിന്റെ കഞ്ചാവ് വേട്ട. വിൽപ്പനക്കെത്തിച്ച കഞ്ചാവുമായി രണ്ട് പേരെ എക്സൈസ് സംഘം പിടികൂടി. കായംകുളത്ത് 1.156 കിലോഗ്രാം കഞ്ചാവുമായി പശ്ചിമ ബംഗാൾ സ്വദേശി പിടിയിലായി. അമിത് മണ്ഡൽ (27) ആണ് കായംകുളം റെയിൽവെ സ്റ്റേഷന് സമീപം വച്ച് പിടിയിലായത്. അന്യസംസ്ഥാനത്ത് നിന്ന് കേരളത്തിൽ വിലപ്പനയ്ക്ക് എത്തിച്ച കഞ്ചാവാണ് പിടിച്ചെടുത്തത്.

ആലപ്പുഴ കൊമ്മാടിയിൽ നടത്തിയ പരിശോധനയിലാണ് 2.534 കിലോഗ്രാം കഞ്ചാവുമായി ജിം ട്രെയിനർ പിടിയിലായത്. കൊമ്മാടി വാടക്കുഴി വീട്ടിൽ വി വി വിഷ്ണു(31) ആണ് പിടിയിലായത്. ജിംനേഷ്യത്തിന്റെ മറവിൽ യുവാക്കൾക്ക് കഞ്ചാവ് വിൽപ്പന നടത്തിവരികയായിരുന്നു ഇയാളെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.

അതിനിടെ ഓണം സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി നടത്തിയ പരിശോധനകളിൽ വിഴിഞ്ഞം ഭാഗത്തു നിന്നും 2.22 കിലോഗ്രാം കഞ്ചാവ് പിടികൂടി. ആസാം സ്വദേശിയായ സുൽത്താൻ അഹമ്മദ് ആണ് പിടിയിലായത്. അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ചെറു പൊതികളാക്കി കഞ്ചാവ് ചില്ലറ വിൽപ്പന നടത്തുന്നതിൽ സുപ്രധാനിയാണ് പ്രതി. നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ പ്രശാന്തും പാർട്ടിയും ചേർന്നാണ് ഇയാളെ പിടികൂടിയത്. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ മണിവർണ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ പ്രസന്നൻ, അനീഷ്, ലാൽകൃഷ്ണ, വിനോദ്, അൽത്താഫ്, അഖിൽ, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീജ എന്നിവരും പരിശോധനയിൽ പങ്കെടുത്തു.