മൊബൈൽ ഫോണുകളിൽ ഡാറ്റ ഉപയോഗത്തിന് ഉപഭോക്താക്കൾ ഇനി കൂടുതൽ പണം നൽകേണ്ടിവന്നേക്കാമെന്ന് റിപ്പോർട്ട്. റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡഫോണ്‍ ഐഡിയ എന്നീ കമ്പനികള്‍ തങ്ങളുടെ അടിസ്ഥാന പ്ലാനുകള്‍ പിന്‍വലിച്ചത് നിരക്ക് വര്‍ധനക്ക് വേണ്ടിയാണെന്നാണ് വിലയിരുത്തല്‍. ഈ വര്‍ഷം അവസാനത്തോടെ 10 മുതൽ 12 ശതമാനം വരെ നിരക്ക് വര്‍ധന ഉണ്ടായേക്കുമാണ് റിപ്പോർട്ടുകൾ.കഴിഞ്ഞ ദിവസം 249 രൂപയുടെ എന്‍ട്രി ലെവല്‍ പ്രീപെയ്ഡ് പ്ലാന്‍ റിലയന്‍സ് ജിയോ പിന്‍വലിച്ചിരുന്നു. റിലയൻസ് ജിയോയുടെ ഈ നീക്കത്തിന് പിന്നാലെ എതിരാളിയായ ഭാരതി എയർടെലും ബുധനാഴ്ച മുതൽ സമാനമായ വിലയുള്ള പ്ലാൻ നീക്കം ചെയ്തു. ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലികോം ഓപ്പറേറ്ററായ വോഡഫോൺ ഐഡിയ (വി) ഉടൻ തന്നെ ഇക്കാര്യത്തിൽ എതിരാളികളോടൊപ്പം ചേരുമെന്ന് ടെക് എക്സിക്യൂട്ടീവുകളും വിശകലന വിദഗ്ധരും പറയുന്നു.
വിലയിലെ മാറ്റങ്ങൾ
ജിയോയുടെ 249 രൂപയുടെ പ്ലാനിൽ പ്രതിദിനം ഒരു ജി.ബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമാണ് ഉണ്ടായിരുന്നത്. പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കുന്ന ജിയോയുടെ പുതിയ
എന്‍ട്രി ലെവല്‍ പ്ലാനിന് ഇനി 299 രൂപ നല്‍കണം. വിലയിൽ 17 ശതമാനം വര്‍ധനവ് ലഭിച്ചു. എയര്‍ടെല്‍ ഒഴിവാക്കിയ 299 രൂപയുടെ പ്ലാനിന് അടിസ്ഥാന പ്ലാനിന് പ്രതിദിനം ഒരു ജി.ബി വീതം ഡാറ്റ ഉപയോഗിക്കാമായിരുന്നു. 28 ദിവസമായിരുന്നു കാലാവധി. പുതിയ എന്‍ട്രി ലെവല്‍ പ്ലാന്‍ പ്രകാരം പ്രതിദിനം 1.5 ജി.ബി ഡാറ്റ ലഭിക്കാന്‍ 319 രൂപ നല്‍കണം. ഈ പ്ലാനില്‍ നേരത്തെ 5ജി ഡാറ്റ നല്‍കിയിരുന്നു. പുതിയ നീക്കത്തോടെ അതും പിന്‍വലിച്ചു. വോഡഫോണ്‍ ഐഡിയയും സമാനമായ നീക്കം നടത്തുന്നതായാണ് റിപ്പോർട്ടുകൾ. ഒരു ജി.ബി വീതം പ്രതിദിനം ലഭിക്കുന്ന 299 രൂപയുടെ പ്ലാന്‍ അധികം വൈകാതെ വി ഐ പിന്‍വലിക്കുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.
ഒരു ഉപയോക്താവില്‍ നിന്നും ജിയോക്ക് ശരാശരി 208.8 രൂപയും എയര്‍ടെല്ലിന് 250 രൂപയും വി.ഐക്ക് 177 രൂപയും ലഭിക്കുമെന്നാണ് കണക്ക്. 49.8 കോടി വരിക്കാരുള്ള ജിയോയാണ് വിപണിയിൽ മുന്നിൽ നിൽക്കുന്നത്. എയര്‍ടെല്ലിന് 43.6 കോടി വരിക്കാര്‍ ഉണ്ട്. 19.7 കോടി വരിക്കാരാണ് വി ഐക്കുള്ളത്. പുതിയ തീരുമാനം നടപ്പിലായാല്‍ ഒരാളില്‍ നിന്ന് മാത്രം 11 മുതൽ 13 രൂപ വരെ ജിയോക്ക് അധികം ലഭിക്കും. ആകെ വരിക്കാരില്‍ 20 മുതൽ 25 ശതമാനം ആളുകള്‍ അടിസ്ഥാന പ്ലാന്‍ ഉപയോഗിക്കുന്നുണ്ട് എന്നാണ് കണക്കുകൾ. എയര്‍ടെല്ലിന് 10 മുതൽ 11 രൂപയും വി ഐക്ക് 13 മുതൽ 14 രൂപയും ഈ ഇനത്തിൽ കിട്ടും എന്നാണ് കണക്കുകൾ.