താനൂര്‍ ഗവ. കോളേജിലെ സ്റ്റേഡിയം നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം മന്ത്രി വി. അബ്ദുറഹിമാന്‍ നിര്‍വഹിച്ചു
താനൂര്‍ മണ്ഡലത്തിലെ ഒഴൂരിലെ സി.എച്ച്.എം.കെ ഗവ. കോളേജില്‍ നിര്‍മ്മിക്കുന്ന സ്റ്റേഡിയത്തിന്റെ നിര്‍മ്മാണ പ്രവൃത്തി ഉദ്ഘാടനം ന്യൂനപക്ഷ ക്ഷേമ -കായിക- വഖഫ് വകുപ്പ് മന്ത്രി വി. അബ്ദുറഹ്‌മാന്‍ നിര്‍വഹിച്ചു. പ്രദേശത്തെ എല്ലാവര്‍ക്കും ഒരുപോലെ ഉപകാരപ്രദമാകുന്ന രീതിയിലാണ് സ്റ്റേഡിയം നിര്‍മ്മിക്കുന്നതെന്നും നിലവില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന പുതിയ ക്യാംപസ് കെട്ടിടത്തില്‍ നവംബര്‍ മാസത്തോടെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് തുടങ്ങാനാണ് ശ്രമമെന്നും മന്ത്രി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.
ഇപ്പോള്‍ കുട്ടികള്‍ തന്നെയാണ് അവരുടെ പഠനഭാവിയും ജോലിയിലേക്കുള്ള ചുവടുവെപ്പും നിര്‍ണയിക്കുന്നത്. അതിനാല്‍ ആ മാറ്റത്തിന് അനുസരിച്ചുള്ള വികസനമാണ് കോളേജ് തലങ്ങളില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്. പ്രൊഫഷണല്‍ കോഴ്സുകള്‍ പഠിച്ചിറങ്ങി തൊഴില്‍ ദാതാക്കളായി യുവജനങ്ങള്‍ മാറുന്ന കാഴ്ചയാണ് നമ്മള്‍ കാണുന്നത്. താനൂര്‍ ഗവ. ആര്‍ട്സ് ആന്റ് സയന്‍സ് കോളേജിന്റെ സ്വന്തം ക്യാംപസ് എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കാന്‍ സ്ഥലം വിട്ടുനല്‍കിയ ഭൂവുടമകള്‍ക്ക് അവര്‍ക്ക് അര്‍ഹമായ പണം വൈകാതെ തന്നെ കൊടുത്തുതീര്‍ക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് അനുവദിച്ച 2.14 കോടി രൂപ ചെലവഴിച്ചാണ് താനൂര്‍ ഗവ.കോളേജില്‍ പുതിയ സ്റ്റേഡിയം ഒരുങ്ങുന്നത്. പ്രദേശത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്കും പൊതു വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള വിദ്യാലയങ്ങള്‍ക്കും ഉപകാരപ്പെടും വിധം മഡ് ടര്‍ഫാണ് നിര്‍മിക്കുന്നത്. ഫുട്ബോള്‍ ഗ്രൗണ്ട്, സ്റ്റെപ്പ് ഗാലറി ഉള്‍പ്പെടുന്ന ആര്‍.സി.സി ചുറ്റുമതില്‍, കോണ്‍ക്രീറ്റ് ബെല്‍റ്റോടു കൂടിയ ഡി.ആര്‍ ചുറ്റുമതില്‍, ആറ് മീറ്റര്‍ ഉയരത്തില്‍ ഫെന്‍സിങ് എന്നിവയാണ് സ്റ്റേഡിയം നിര്‍മാണത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഫുട്ബോള്‍, വോളിബോള്‍, ഷട്ടില്‍, ബാഡ്മിന്റണ്‍ എന്നീ കളികള്‍ക്കുള്ള സൗകര്യം ഗ്രൗണ്ടില്‍ ഒരുങ്ങും. സ്പോര്‍ട്സ് കേരള ഫൗണ്ടേഷനാണ് നിര്‍മാണ ചുമതല. രണ്ട് മാസത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കും.
കോളേജ് കെട്ടിടം നിര്‍മാണവും അതിവേഗം പുരോഗമിക്കുകയാണ്. 2.5 കോടി രൂപ ചെലവില്‍ ചുറ്റുമതിലിന്റെയും കവാടത്തിന്റെയും പ്രവൃത്തികളും നടന്നു വരുന്നുണ്ട്. ഒന്‍പതു കോടി രൂപ ചെലവിലുള്ള ലൈബ്രറി ബ്ലോക്കിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും.
ചടങ്ങില്‍ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സൈനബ ചേനാത്ത് അധ്യക്ഷത വഹിച്ചു. സ്പോര്‍ട്സ് കേരള ഫൗണ്ടേഷന്‍ എക്സിക്യൂട്ടിവ് എഞ്ചിനിയര്‍ എ.പി.എം അഷ്റഫ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒഴൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യൂസഫ് കൊടിയേങ്ങല്‍, താനാളൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എം മല്ലിക, താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് അംഗം തറമ്മല്‍ ബാവു, ഒഴൂര്‍ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ അഷ്‌കര്‍ കോറാട്, അംഗം കെ.പി. രാധ, കോളെജ് പ്രിന്‍സിപ്പല്‍ ഡോ. ജി. ശ്രീലേഖ, പി.ടി.എ വൈസ് പ്രസിഡന്റ് വി.പി അബ്ദുല്‍ ലത്തീഫ്, മുന്‍ ലെയ്സണ്‍ ഓഫിസര്‍ പ്രൊ. വി.പി ബാബു, യു.യു.സി മുഹമ്മദ് സനദ്, മോണിറ്ററിംഗ് കമ്മിറ്റി കണ്‍വീനര്‍ പി. രവീന്ദ്രന്‍, രാഷ്ട്രിയ കക്ഷി പ്രതിനിധികളായ സമദ് താനാളൂര്‍, വി. ബിജു, പി.പി. ചന്ദ്രന്‍, കെ. മൊയ്തിന്‍ കുട്ടി ഹാജി, സുലൈമാന്‍ അരീക്കാട്, റഫീഖ് മീനടത്തൂര്‍, കെ. കുമാരന്‍ എന്നിവര്‍ സംസാരിച്ചു.