രൂപയുടെ മൂല്യമടക്കം ഇടിഞ്ഞു, ഇന്ത്യൻ വിപണിയെ ശരിക്കും കുലുക്കി ട്രംപിന്‍റെ പുതിയ ഭീഷണി; നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി
യു എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 50 ശതമാനം ഇറക്കുമതി തീരുവ പ്രഖ്യാപനം ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവിന് കാരണമായി. ഈ മാസം 27 ന് തന്നെ തീരുവ പ്രഖ്യാപനം നടപ്പാക്കുമെന്ന ട്രംപിന്‍റെ ഉറച്ച നിലപാടിന് പിന്നാലെ നിഫ്റ്റിയും സെൻസെക്സും കൂപ്പുകുത്തി. വ്യാപാരത്തിന്‍റെ ആദ്യ മണിക്കൂറുകളിൽ തന്നെ നിഫ്റ്റിക്കും സെൻസെക്സിനും വലിയ തിരിച്ചടിയാണ് നേരിടുന്നത്. ബി എസ് ഇ സെൻസെക്സ് 470 പോയിന്റ് താഴ്ന്നു. എൻ എസ് ഇ നിഫ്റ്റി 150 പോയിന്റ് നഷ്ടമാണ് രേഖപ്പെടുത്തിയത്. എഫ് എം സി ജി, ബാങ്ക്, ഐ ടി, എണ്ണ, വാതക മേഖലകളിലെ ഓഹരികൾ ഉൾപ്പെടെ നിഫ്റ്റിയിലെ എല്ലാ സെക്ടറുകളും കാര്യമായ നഷ്ടം നേരിട്ടു. വിദേശ നിക്ഷേപകരുടെ തുടർച്ചയായ വിൽപ്പന സമ്മർദ്ദവും വിപണിയിലെ അനിശ്ചിതത്വവും ഇടിവിന്റെ ആക്കം കൂട്ടി.
ഇന്ത്യൻ രൂപയുടെ മൂല്യവും ഡോളറിനെതിരെ താഴ്ചയിലേക്ക് കൂപ്പുകുത്തി. ഒരു ഡോളറിന് 87.44 രൂപ എന്ന നിരക്കിലാണ് നിലവിൽ വ്യാപാരം തുടരുന്നത്. ഇന്ന് മാത്രം 16 പൈസയുടെ ഇടിവാണ് രൂപയുടെ കാര്യത്തിൽ രേഖപ്പെടുത്തിയത്. ട്രംപിന്റെ തീരുവ ഭീഷണി, റഷ്യൻ എണ്ണ ഇറക്കുമതി സംബന്ധിച്ച് ഇന്ത്യയ്‌ക്കെതിരായ യു എസ് നിലപാട്, ആഗോള വിപണികളിലെ ചാഞ്ചാട്ടം എന്നിവ രൂപയുടെ മൂല്യത്തകർച്ചയ്ക്ക് കാരണമായി.