ബിഗ് ബോസ് താരം ജിന്റോയ്ക്കെതിരെ എടുത്ത കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
ബിഗ് ബോസ് സീസൺ 6 ജേതാവ് ജിന്റോയ്ക്കെതിരെ പാലാരിവട്ടം പൊലീസ് എടുത്ത മോഷണക്കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ജിന്റോയുടെ ഉടമസ്ഥതയിലുള്ള ജിന്റോ ബോഡി ക്രാഫ്റ്റ് എന്ന ജിംനേഷ്യത്തിൽ അതിക്രമിച്ചു കയറി പതിനായിരം രൂപയും വിലപ്പെട്ട രേഖകളും മോഷ്‌ടിച്ചെന്നാണ് നടത്തിപ്പുകാരിയുടെ പരാതി. നേരത്തെ ജിന്റോയ്‌ക്കെതിരെ എടുത്ത ലൈംഗിക ആക്രമണ കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. ഈ കേസിൽ അന്വേഷണ ഉദ്യോഗസ്ഥൻ മുൻപാകെ 26-ാം തീയതി ഹാജരാകാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. അതിനു ശേഷമാണ് നിലവിലെ പരാതിയും കേസും എടുത്തിരിക്കുന്നത്. ജിന്റോയ്ക്കു വേണ്ടി അഡ്വ സമീർ എസ് ഇലമ്പടത്ത്, അമാനി ആർഎസ് എന്നിവർ ഹാജരായി. കേസിൽ പരാതിക്കാരിക്ക് കക്ഷി ചേരാനും പൊലീസിന്റെ വിശദീകരണം കേൾക്കാനുമായി മാറ്റിവെച്ചു. ഓണാവധിക്കു ശേഷം കേസ് പരിഗണിക്കും.