പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സ് സാന്ത്വന അദാലത്ത് സംഘടിപ്പിച്ചു
നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്കായി (വാര്‍ഷിക വരുമാനം ഒന്നരലക്ഷം രൂപയില്‍ താഴെ) സംസ്ഥാന സര്‍ക്കാര്‍ നോര്‍ക്ക റൂട്ട്സ് വഴി നടപ്പിലാക്കി വരുന്ന സാന്ത്വന ധനസഹായപദ്ധതിയുടെ ഭാഗമായുളള അദാലത്ത് മലപ്പുറം പൊന്നാനിയില്‍ സംഘടിപ്പിച്ചു. പൊന്നാനി മുന്‍സിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്നു വരെ നടന്ന അദാലത്തില്‍ 100 ഓളം പ്രവാസികള്‍ പങ്കെടുത്തു. ഇവരില്‍ 90 ല്‍ അധികം അപേക്ഷകളും തുടര്‍ നടപടിക്രമങ്ങള്‍ക്കായി വിട്ടു. മരണാനന്തര ധനസഹായമായി ആശ്രിതര്‍ക്ക് പരമാവധി ഒരു ലക്ഷം രൂപ വരെയും, ചികിത്സാ സഹായമായി പരമാവധി 50,000 രൂപയും, മകളുടെ വിവാഹത്തിന് പരമാവധി 15,000 രൂപയും അംഗപരിമിത പരിഹാര ഉപകരണങ്ങള്‍ക്ക് (കൃത്രിമ കാല്‍, ഊന്നുവടി, വീല്‍ചെയര്‍) പരമാവധി 10,000 രൂപയുമാണ് സാന്ത്വന പദ്ധതി പ്രകാരം പ്രവാസികേരളീയര്‍ക്ക് ലഭിക്കുന്നത്. അര്‍ഹരായ പ്രവാസികള്‍ക്ക് www.norkaroots.kerala.gov.in എന്ന വെബ്ബ്‌സൈറ്റ് സന്ദര്‍ശിച്ച് പദ്ധതിയിലേയ്ക്ക് അപേക്ഷ നല്‍കാം. സാന്ത്വന ധനസഹായപദ്ധതിയിലെ നടപടിക്രമങ്ങളുടെ ഭാഗമായുളള കാലതാമസം ഒഴിവാക്കുന്നതിനായി സോഫ്റ്റ്വെയര്‍ അധിഷ്ഠിതമായ പുതിയ സംവിധാനവും ഇപ്പോള്‍ നിലവിലുണ്ട്. അപേക്ഷ നല്‍കുന്നതു മുതല്‍ ധനസഹായം അനുവദിക്കുന്നതുവരെയുളള വിവിധ തട്ടുകളിലായുളള നടപടിക്രമങ്ങള്‍ വേഗത്തിലാക്കാനും, അപേക്ഷയുടെ തല്‍സ്ഥിതി മനസ്സിലാക്കാനും പുതിയ സോഫ്റ്റ്വെയറിലൂടെ സാധിക്കും. പദ്ധതി സംബന്ധിക്കുന്ന കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക ഗ്ലോബല്‍ കോണ്‍ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്) ബന്ധപ്പെടാം. നോര്‍ക്ക റൂട്ട്‌സ് കോഴിക്കോട് സെന്റര്‍ മാനേജര്‍ സി.രവീന്ദ്രന്‍ അദാലത്തിന് നേതൃത്വം നല്‍കി. എം പി പ്രദീഷ്, കെ ഷര്‍മ്മിള, വി പി സുഭീഷ, കെ ജീജ, എസ് ബീനാകുമാരി എന്നിവര്‍ പങ്കെടുത്തു.