വയനാട് കൽപ്പറ്റയിൽ എട്ടാം ക്ലാസ് വിദ്യാർഥിക്ക് നേരെ പ്ലസ് വൺ വിദ്യാർഥികളുടെ റാഗിങ്. കൽപ്പറ്റ പുതിയ ബസ് സ്റ്റാൻഡിൽ വെച്ചാണ് പന്ത്രണ്ടുകാരനെ റാഗ് ചെയ്യുകയും മർദ്ദിക്കുകയും ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ കുട്ടിയെ ആണ് സംഘം ചേർന്ന് ആക്രമിച്ചത്. കൽപ്പറ്റ എൻഎസ്എസ് സ്കൂളിലെ വിദ്യാർഥിക്കാണ് മർദ്ദനമേറ്റത്.
വിദ്യാർത്ഥിയുടെ കുടുംബം പോലീസിൽ പരാതി നൽകി. കുട്ടി ശാരീരികമായും മാനസികമായും ബുദ്ധിമുട്ട് അനുഭവിക്കുന്നതായി അമ്മ ട്വന്റി ഫോറിനോട് പറഞ്ഞു. മകനെ ബലം പ്രയോഗിച്ച് കൂട്ടിക്കൊണ്ട് പോകാൻ ശ്രമിച്ചെന്നും കുട്ടി പ്രതികരിച്ചതോടെ സംഘം ചേർന്ന് തലയ്ക്ക് അടിക്കുകയായിരുന്നുവെന്ന് മാതാവ് പറയുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ക്രൂരമായ മർദനമാണ് കുട്ടിയ്ക്കേറ്റത്. പരുക്കേറ്റ വിദ്യാർഥി കൈനാട്ടി ജനറൽ ആശുപത്രിയിലും കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. നിയമ നടപടിയുമായി മുന്നോട്ടു പോകുമെന്നും റാഗിങ്ങിന് ഇരയായ കുട്ടിയുടെ അമ്മ വ്യക്തമാക്കി.